തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സുപ്രീംകോടതിക്ക് കത്തയച്ച് തൃശൂര്‍ സ്വദേശിയായ യുവതി. ജയലളിതയുടെയും എംജിആറിന്റെയും മകള്‍ എന്ന് അവകാശപ്പെട്ടാണ് കെ എം സുനിതയുടെ കത്ത്.
ജയലളിത വിളിച്ചത് പ്രകാരം താന്‍ പോയസ് ഗാര്‍ഡനില്‍ എത്തിയെന്നും അവിടെ ചെന്നപ്പോള്‍ സ്‌റ്റെയര്‍കേസിന് താഴെ വീണു കിടക്കുന്നതായാണ് കണ്ടതെന്നും സുനിത പറയുന്നു. കാല് കൊണ്ട് അമ്മയുടെ മുഖത്ത് ശശികല ചവിട്ടുന്നതായാണ് കണ്ടത്. ഞാന്‍ നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്റെ വായ പൊത്തിപ്പിടിച്ച് സ്വീപ്പര്‍ പുറത്തേക്ക് പോയി. പേടികൊണ്ടാണ് ഇത്രയും കാലം ആരോടും പറയാതിരുന്നത്. എന്റെ അമ്മ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ആണ് മരിച്ചത്. സാധാരണക്കാരിയായ ഒരു പെണ്ണിന് എന്ത് ചെയ്യാന്‍ പറ്റും – സുനിത പറഞ്ഞു.
ശശികലയും മന്നാര്‍ഗുഡി മാഫിയയുമാണ് ഇതിന് പിന്നിലെന്നും ഇവര്‍ ആരോപിക്കുന്നു. ഇതിന് മുന്‍പ് ഇക്കാര്യം ആരോടും വെളിപ്പെടുത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. അമ്മയ്ക്ക് നീതി വാങ്ങിക്കൊടുക്കണമെന്നാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു.
താന്‍ ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്നതിന് തെളിവുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു. എംജിആറിന്റെ ജോലിക്കാരന്‍ മുഖാന്തിരം അദ്ദേഹത്തിന്റെ വീട്ടിലാണ് താന്‍ വളര്‍ന്നതെന്നും അവര്‍ പറയുന്നു. തന്റെ അമ്മയായ ജയലളിത 18ാം വയസില്‍ തന്നെ തിരിച്ചറിഞ്ഞതാണെന്നും ജീവിച്ചിരുന്നപ്പോള്‍ പോയി കാണാറുണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. എന്റെ എല്ലാ കാര്യങ്ങളും അമ്മ നടത്തിത്തരാറുണ്ട്. എനിക്ക് 2024 ഓഗസ്റ്റ് വരെ പണം തന്നിട്ടുണ്ട് – ഇവര്‍ അവകാശപ്പെടുന്നു.