അഹമ്മാദാബാദ് വിമാനാപകടത്തിൽ സീനിയർ പൈലറ്റ് സംശയ നിഴലിലെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട്. ഇന്ധന സ്വിച്ച് ഓഫ് ചെയ്തത് സീനിയർ പൈലറ്റ് സുമീത് സബർവാൾ എന്ന് സംശയമെന്നാണ് ന്യൂയോർക്ക് ആസ്ഥാനമായുള്ള മാധ്യമത്തിൻ്റെ റിപ്പോർട്ടിലുള്ളത്. ബ്ലാക്ക് ബോക്സിൽ റെക്കോർഡ് ചെയ്ത പൈലറ്റുമാരുടെ സംഭാഷണത്തെ അടിസ്ഥാനമാക്കിയാണ് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട്.
വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകടകാരണമെന്നാണ് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) കണ്ടെത്തൽ. എന്നാൽ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഒരു കാരണവശാലും തനിയെ റൺ മോഡിൽ നിന്ന് ഓഫ് മോഡിലേക്ക് മാറില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ അപകടത്തിന് പിന്നിൽ പൈലറ്റുമാർ ജീവനൊടുക്കാൻ ശ്രമിച്ചതാണെന്ന അഭ്യൂഹങ്ങളും ഉയർന്നു.
വിമാന അപകടത്തിന് കാരണം പൈലറ്റ് ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്ന വാദം തള്ളി ഇന്ത്യൻ കൊമേഷ്യന്‍ പൈലറ്റ്‌സ് അസോസിയേഷൻ (ഐസിപിഎ) രംഗത്തെത്തിയിരുന്നു. എന്നാൽ വീണ്ടും സീനിയർ പൈലറ്റിനെ പഴിചാരി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് പുറത്തെത്തിയിരിക്കുകയാണ്. കോക്‌പിറ്റ് റെക്കോർഡിങ്ങ് പ്രകാരം സീനിയർ പൈലറ്റാണ് ഇന്ധനസ്വിച്ച് ഓഫ് ചെയ്തതായി വ്യക്തമാണെന്നാണ് വാർത്താ റിപ്പോർട്ട്.