വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാരുടെ അരുംകൊലയ്ക്ക് കാരണമായ പഹല്‍ഗാം ഭീകരാക്രമണത്തെ വീണ്ടും അപലപിച്ച് ചൈന. ഭീകരവാദം തടയുന്നതിനായി എല്ലാവരും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഏതൊരു ഭീകരതയെയും ചൈന ശക്തമായി എതിര്‍ക്കുമെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു. ഭീകരതയെ ചെറുക്കാന്‍ ശക്തമായ പ്രാദേശിക സഹകരണം ആവശ്യമാണ്. ഭീകരതയെ ചെറുക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ ചൈന പ്രശംസിക്കുകയും ചെയ്തു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുള്ള ടിആര്‍എഫിനെ അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചൈനയുടെ പരാമര്‍ശം.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ദി റെഡിസ്റ്റന്റ് ഫ്രണ്ട് എന്ന ടിആര്‍എഫ് എന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് അമേരിക്ക ഇതിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചത്. ടിആര്‍എഫിനെ വിദേശ ഭീകരവാദ സംഘടനകളുടെ പട്ടികയിലും സ്‌പെഷ്യലി ഡെസിഗ്നേറ്റഡ് ഗ്ലോബല്‍ ടെററിസ്റ്റ് ( എസ്ജിജിടി) പട്ടികയിലും അമേരിക്ക ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലുള്‍പ്പെടെ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം മുന്‍പ് ടിആര്‍എഫ് ഏറ്റെടുത്തിരുന്നു. ലഷ്‌കര്‍- ഇൃ ത്വയിബയുടെ ഒരു ഉപസംഘടനയായാണ് ടിആര്‍എഫ് പ്രവര്‍ത്തിച്ചുവന്നിരുന്നത്.