ജനങ്ങളില്‍ നിന്ന് ഒരിക്കല്‍ പോലും അകന്ന് പോകാത്ത വലിയ ഒരു അക്ഷരമാണ് വി.എസ്. എന്ന് വിപ്ലവ ഗായികയും നാടക പ്രവര്‍ത്തകയുമായ പി.കെ. മേദിനി. വയലാറില്‍ വിഎസ് വരുമ്പോള്‍ വലിയ ആരവമാണ് ഉണ്ടാവുകയെന്നും തന്നെ ഒരു പൊതു പരിപാടിയില്‍ കണ്ടാല്‍ നീ പാടിയോ എന്നാണ്് ചോദിക്കുകയെന്നും പി.കെ. മേദിനി ഓര്‍ത്തെടുക്കുന്നു.
‘എല്ലാ ഓര്‍മകളും എന്റെ മനസിലുണ്ട്. എത്രയോ മുഖ്യമന്ത്രിയായിട്ടും ഒരിക്കല്‍ പോലും ജനങ്ങളില്‍ നിന്ന് അകന്ന് പോകാത്ത വലിയ ഒരു അക്ഷരമാണ് വിഎസ്. വയലാറില്‍ വിഎസ് വരുമ്പോള്‍ വലിയ ആരവമാണ് ഉണ്ടാവുക. ആദ്യം തന്നെ എന്നോട് ചോദിക്കുക നീ പാടിയോ എന്നാണ്. പാടിയെന്ന് പറഞ്ഞാല്‍ ഒന്നുകൂടി പാടൂ എന്ന് പറയും. ആളുകള്‍ ഒന്ന് അടങ്ങി ഇരിക്കട്ടെ എന്ന് പറയും. അപ്പോള്‍ ഞാന്‍ പറയും വിഎസിന്റെ ശബ്ദം കേള്‍ക്കാനാണ് ആളുകള്‍ എല്ലാമിരിക്കുന്നതെന്ന്. അപ്പോള്‍ പറയും, ഒരു പാട്ടുകൂടി പാടെന്ന്. ഇത്തരത്തില്‍ ഒരുപാട് ഓര്‍മകള്‍ വിഎസിനെക്കുറിച്ച് മനസിലൂടെ കടന്ന് പോകുന്നുണ്ട്,’ പി.കെ. മേദിനി പറഞ്ഞു.
ഓര്‍മകള്‍ പങ്കുവെച്ച ശേഷം പികെ മേദിനി പാടി;
‘നിങ്ങള്‍ തന്‍ ഓര്‍മയില്‍ വിടര്‍ന്ന ചെങ്കൊടിയുമായി
ഞങ്ങള്‍ ആയിരങ്ങളിന്നു നേര്‍ന്നതാണീ റെഡ് സല്യൂട്ട്….
ഞങ്ങള്‍ ആയിരങ്ങളിന്നു നേര്‍ന്നതാണീ റെഡ് സല്യൂട്ട്…,’ പി.കെ. മേദിനി പാടി നിര്‍ത്തി.