സിനിമാ കോണ്‍ക്ലേവില്‍ നടത്തിയ വിവാദ പ്രസ്താവനയില്‍ ഉറച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. താന്‍ ആരെയും അപമാനിച്ചിട്ടില്ലെന്നും നിങ്ങളുടെ വ്യാഖ്യാനങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നും അടൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. മിണ്ടിയാല്‍ വിവാദമാണെന്നും താന്‍ പറഞ്ഞതില്‍ സിനിമയെടുക്കുന്നവര്‍ക്ക് ട്രെയിനിങ് കൊടുക്കണമെന്ന് പറഞ്ഞതാണ് ഇഷ്ടപ്പെടാതെ പോയതെന്നും അടൂര്‍ പറഞ്ഞു.
“നമ്മള്‍ മിണ്ടാതിരിക്കുന്നതാണ് നല്ലത്. കാരണം മിണ്ടിയാല്‍ വിവാദമുണ്ടാക്കാന്‍ പറ്റും. ഞാന്‍ പറഞ്ഞത് നിങ്ങളുടെ എല്ലാം ക്യാമറകളില്‍ എടുത്തിട്ടുണ്ട്. അതില്‍ ഏതെങ്കിലും സ്ഥലത്ത് ഞാന്‍ ദലിതരെയോ സ്ത്രീകളെയോ മോശമായി പറഞ്ഞിട്ടുണ്ടോ? അങ്ങനെയുണ്ടെങ്കില്‍ ഞാന്‍ പരമാവധി ക്ഷമാപണം ചെയ്യാം. ഏതെങ്കിലും വാക്കിലെങ്കിലും ഈ രണ്ട് കൂട്ടരെ മോശമായി പറഞ്ഞിട്ടുണ്ടോ ഞാന്‍. നിങ്ങളുടെ വ്യാഖ്യാനങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല. ആളുകള്‍ക്ക് ഇഷ്ടപ്പെടാതെ പോയത് ഞാന്‍ അവര്‍ക്ക് ട്രെയിനിങ് കൊടുക്കണമെന്ന് പറഞ്ഞതാണ്. അറിവ് കേടുകൊണ്ടാണ് അതിന് എതിരെ പറയുന്നത്. സിനിമ ഒരു മനുഷ്യായുസുകൊണ്ട് പഠിച്ച് ചെയ്ത വ്യക്തിയാണ് ഞാന്‍. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. യാതൊരു പശ്ചാത്തലവും മുന്‍പരിചയവുമില്ലാതെ ആദ്യമായി സിനിമ എടുക്കുന്നവര്‍ക്കാണ് സര്‍ക്കാര്‍ ഫണ്ട് കൊടുക്കുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ക്ക് കുറഞ്ഞതൊരു മൂന്ന് മാസത്തെ ഓറിയന്റേഷന്‍ കൊടുക്കണം. നമ്മള്‍ കവിതയും കഥയും എഴുതുന്നതിന് അക്ഷരജ്ഞാനം വേണ്ടേ? അതുപോലെ സിനിമ എന്ന് പറയുന്നത് വേറൊരു ഭാഷയാണ്. എല്ലാവരും വിചാരിക്കുന്നത് നടീ നടന്മാര്‍ വന്ന് അഭിനയിച്ചുകഴിഞ്ഞാല്‍ സിനിമയാകുമെന്നാണ്. അങ്ങനെയല്ല അത്. അതിന് സാങ്കേതകവും അല്ലാത്തതുമായ ഒരുപാട് ഘടകങ്ങളുണ്ട്. അതേ കുറിച്ച് നല്ല ധാരണയുണ്ടായിട്ട് വേണം സിനിമയെടുക്കാന്‍”, അടൂര്‍ പറയുന്നു.
“സര്‍ക്കാര്‍ ഫണ്ട് നല്‍കുന്ന സിനിമയെന്ന് പറഞ്ഞാല്‍ അതിന് സാമൂഹ്യ പ്രസക്തി വേണം. അത് സാങ്കേതികമായ മികവ് വേണം. ഇതെല്ലാം പ്രധാനപ്പെട്ടതാണ്. അത് ഉണ്ടാകണമെങ്കില്‍ സിനിമയെടുക്കുന്ന ആള്‍ക്ക് അതിനെ കുറിച്ച് ധാരണ വേണം. ഒരു സിനിമയെടുത്ത് അപ്രത്യക്ഷരായി പോവരുത് ഇവര്‍. പ്രത്യേകിച്ച് സ്ത്രീകളും എസ് സി എസ് ടി വിഭാഗത്തില്‍ നിന്ന് വരുന്നവരും ഈ രംഗത്ത് തുടര്‍ന്നും ഉണ്ടാകണം. അവരുടെ ഗുണത്തിന് വേണ്ടിയും അവരുടെ നന്മയ്ക്ക് വേണ്ടിയുമാണ് ഞാന്‍ പറഞ്ഞത്. അവരുടെ ഉന്നമനം എന്റെയും ലക്ഷ്യമാണ്. എന്നാല്‍ അത് വ്യാഖ്യാനിച്ച് അവരെ അധിക്ഷേപിച്ചു എന്നെല്ലാം പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥമെന്താണ്”, അടൂർ വ്യക്തമാക്കി.
“സിനിമയെടുക്കണമെങ്കില്‍ ആഗ്രഹം മാത്രം പോര അത് പഠിക്കുകയും വേണം. സിനിമ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി പഠിക്കാന്‍ ഇപ്പോള്‍ സമയമില്ല. സിനിമ മുന്‍പ് എടുത്ത ആളുകള്‍ എന്നോട് വന്ന് സംസാരിക്കുകയും അവരുടെ സിനിമ ഞാന്‍ കാണുകയും ചെയ്തിട്ടുണ്ട്. അവര്‍ക്ക് കൃത്യമായ ഓറിയന്റേഷന്‍ കിട്ടാത്തതിന്റെ പ്രശ്‌നം അതിലുണ്ട്. ഞാന്‍ സിനിമയെടുക്കുന്ന ആര്‍ക്കും പരിശീലനം വേണമെന്നാണ് പറഞ്ഞത്. സര്‍ക്കാര്‍ ഫണ്ട് കൊടുക്കുന്നത് നല്ല ഉദ്ദേശത്തിന്റെ പുറത്താണ്. സര്‍ക്കാരിന്റെ ഏറ്റവും നല്ലൊരു പ്രൊജക്ടാണിത്. മുന്‍ മന്ത്രി എകെ ബാലന്‍ എന്നോട് സംസാരിച്ചിരുന്നു. ഈ പ്രൊജക്ട് തുടങ്ങുന്ന സമയത്ത് ഞാനും പങ്കാളിയായിരുന്നു. ഇന്ന് ടെക്‌നോളജി എല്ലാം മാറിയിട്ടുണ്ട്. ഫോണിലും ആളുകള്‍ക്ക് സിനിമയെടുക്കാം. വലിയൊരു തുക ചിലവാക്കേണ്ട ആവശ്യമില്ല. ഈ ഒന്നരകോടി കൊണ്ട് മൂന്ന് പേര്‍ക്ക് സിനിമയെടുക്കാം. അതല്ലെ പ്രധാനം. അത്തരത്തില്‍ പോസിറ്റീവായ കാര്യമാണ് ഞാന്‍ പറഞ്ഞത്”, അദ്ദേഹം പറഞ്ഞു.
“മന്ത്രി സംവിധായകന്‍ അല്ലല്ലോ. ഞാന്‍ എന്റെ 60 വര്‍ഷത്തെ സിനിമാ പശ്ചാത്തലത്തില്‍ നിന്നാണ് സംസാരിക്കുന്നത്. വേദിയില്‍ പ്രതിഷേധം അറിയിച്ചത് സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കുട്ടിയാണ്. അവര്‍ ആ കോണ്‍ക്ലേവില്‍ എങ്ങനെ പങ്കെടുത്തു എന്നത് അതിശയമാണ്. സംഗീത അക്കാദമിക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല. അവര്‍ പ്രതിഷേധിക്കണമെങ്കില്‍ ഞാന്‍ പറയുന്നതെന്താണെന്ന് അവര്‍ക്ക് മനസിലാകേണ്ടേ? മനസിലാകാത്ത ആളാണ് ശബ്ദമുണ്ടാക്കുന്നത്. അത് ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയാണ്”, അടൂർ കൂട്ടിച്ചേർത്തു.
പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങൾക്ക് സിനിമ നിർമിക്കാൻ സർക്കാർ പണം നൽകുന്നതിലായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ വിവാദ പരാമർശം. നൽകുന്ന ഒന്നരക്കോടി മൂന്നായി വിഭജിക്കണമെന്നും സംവിധായകർക്ക് മൂന്നുമാസത്തെ പരിശീലനം നൽകണമെന്നുമാണ് സിനിമാ കോൺക്ലേവിന്റെ സമാപന സമ്മേളനത്തിൽ അടൂർ പറഞ്ഞത്. പരാമർശം നടത്തിയപ്പോൾ തന്നെ സദസിലിരുന്ന ഗായിക പുഷ്പവതി പ്രതിഷേധ സ്വരമുയർത്തി. ദളിത് സമൂഹത്തെ മുഖ്യധാരാ സിനിമയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് പണം നൽകുന്നതിന്റെ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാനും വിശദീകരിച്ചു.