ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായ ഷിബു സോറൻ (81) അന്തരിച്ചു. മകനും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ എക്സിലൂടെയാണ് മരണവിവരം അറിയിച്ചത്.
ഒരു മാസമായി ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂണ്‍ അവസാനത്തോടെയാണ് വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബിഹാറിന്റെ ഭാഗമായിരുന്ന രാംഗഡ് ജില്ലയിലാണ് ജനനം. സന്താള്‍ സമുദായത്തില്‍ ജനിച്ച സോറന്റെ രാഷ്ടീയ ജീവിതം ആറ് പതിറ്റാണ്ടുകള്‍ നീണ്ടതാണ്. പതിനെട്ടാമത്തെ വയസിൽ സന്താൾ നവയുക്ത് സംഘ് രൂപീകരിച്ച് കർഷകർക്ക് വേണ്ടി പ്രവർത്തിച്ചു. ഇടതുപക്ഷ ട്രേഡ് യൂണിയൻ നേതാവ് എ.കെ. റോയ്, കുർമി മഹാതോ നേതാവ് ബിനോദ് ബിഹാരി മഹാതോ എന്നിവരുമായി ചേർന്ന് 1972 ൽ ജാർഖണ്ഡ് മുക്തി മോർച്ച രൂപീകരിച്ചു. ബിഹാറിൽ നിന്നും വിഭജിച്ച് മറ്റൊരു സംസ്ഥാനം വേണമെന്നായിരുന്നു ആവശ്യം.
1977ലാണ് ഷിബു സോറന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയത്. എട്ട് തവണ ലോക്സഭാംഗവും രണ്ട് തവണ രാജ്യസഭാംഗവുമായി. രണ്ടാമത്തെ ടേമിനിടയിലാണ് മരണം. 1980ല്‍ ദുംകയില്‍ നിന്നാണ് ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് ഈ മണ്ഡലം ജെഎംഎമ്മിന്റെ ശക്തികേന്ദ്രമായി.
മൂന്ന് തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായി. ആദ്യം 2005 ൽ 10 ദിവസവും പിന്നീട് 2008 മുതൽ 2009 വരെയും. 2009 മുതൽ 2010 വരെയും. മൂന്ന് തവണ കേന്ദ്ര കല്‍ക്കരി മന്ത്രിയായും സേവനമനുഷ്ഠിച്ചു.
പേഴ്സണൽ സെക്രട്ടറിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിനെ തുടർന്നാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു.