അടൂർ ഗോപാലകൃഷ്ണൻ്റെ പരമാർശത്തിൽ പ്രതികരിച്ച് മന്ത്രിമാർ. നീതി നിഷേധിക്കപ്പെട്ടവർക്ക് അതുറപ്പാക്കാനുള്ള ഉത്തരവാദിത്തം സർക്കാരിലുണ്ടെന്നാണ് മന്ത്രി ആർ. ബിന്ദു പറഞ്ഞത്. ക്യാമറയുടെ നോട്ടം എന്നും പുരുഷ നോട്ടം ആണ്. അതിനു ബദൽ നോട്ടം വേണം. അതിനായുള്ള ഇടം നമ്മൾ ഉണ്ടാക്കിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകൾക്കും പട്ടികജാതി വിഭാഗങ്ങളിലുള്ളവർക്കും അവരുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നത് ആവശ്യമായ ഫണ്ട് സർക്കാർ നൽകുന്നതിൽ തെറ്റില്ല. സിനിമ നിർമിക്കുക പണച്ചിലവേറിയ പ്രക്രിയയാണ്. അതിനായി ഫണ്ട് നൽകുന്നതിൽ ഒരു തെറ്റുമില്ല. സാംസ്കാരിക വകുപ്പിൻ്റെ ഏറ്റവും നല്ല പദ്ധതി ആണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.
അടൂർ പറഞ്ഞതിൽ ദുരുദ്ദേശ്യമുണ്ടെന്ന് കരുതുന്നില്ലെന്നായിരുന്നു മന്ത്രി വി. എൻ. വാസവൻ്റെ പ്രതികരണം. അടൂർ പറഞ്ഞതിനെ വളച്ചൊടിച്ച് വിവാദമാക്കുകയാണ് ചെയ്തത്. ശ്രദ്ധ വേണമെന്നാണ് അടൂർ പറഞ്ഞത്. സർക്കാർ സ്ത്രീകൾക്കും എസ് സി -എസ് ടി വിഭാഗങ്ങൾക്കും ഒപ്പം തന്നെയെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സിനിമാ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. സ്ത്രീകൾക്കും ദലിത് വിഭാഗങ്ങൾക്കും സിനിമ നിർമിക്കാൻ സർക്കാർ നൽകുന്ന ഫണ്ടിനെതിരെയായിരുന്നു അടൂർ ഗോപാലകൃഷ്ണൻ്റെ പരാമർശം. സിനിമ നിർമിക്കുന്നവർക്ക് വ്യക്തമായ പരിശീലനം നൽകണം. വ്യക്തമായ പരിശീലനം ഇല്ലാതെ സിനിമ എടുത്താൽ ആ പണം നഷ്ടം ആകുമെന്നും അടൂർ വിമർശിച്ചിരുന്നു.
അടൂരിൻ്റെ വിവാദ പരാമർശത്തിന് പിന്നാലെ സദസിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. സിനിമ ഫണ്ട് വിമർശനത്തെ സദസിലുണ്ടായിരുന്ന കേരള സംഗീത നാടക അക്കാദമി വൈസ് ചെയർപേഴ്‌സൺ പുഷ്പവതി പൊയ്പ്പാടത്തും വിമർശിച്ചു. പട്ടിക ജാതി പട്ടികവർഗ വിഭാഗത്തിൻ്റെ ഉന്നമനത്തിന് തുരങ്കം വയ്ക്കുന്ന നിലപാടാണ് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞതെന്നായിരുന്നു പുഷ്പവതി പ്രതികരിച്ചത്.