തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നത് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി. മണ്ണൂത്തി-ഇടപ്പള്ളി ദേശീയ പാതയിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ സാധിക്കാതായതോടെയാണ് ടോള്‍ പിരിക്കുന്നത് താൽക്കാലികമായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞുകൊണ്ട് ഉത്തരവിട്ടിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. തൃശൂര്‍ ഡിസിസി പ്രസിഡന്റ് അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്.
ടോള്‍ പിരിവ് നടത്തുകയും അതുപോലെ തന്നെ പൊതുജനങ്ങളുടെ പണം ഉപയോഗിക്കുകയും കൃത്യമായ യാത്രാ സൗകര്യം ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നത് ശരിയായ നടപടി അല്ല എന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഏതാനും ദൂരം മാത്രമാണ് ഗതാഗതക്കുരുക്ക ഉള്ളത്. ഇത് പരിഹരിക്കാന്‍ മൂന്നാഴ്ചത്തെ സമയം മതി എന്നായിരുന്നു ദേശീയ പാതാ അതോറിറ്റി ഓഫ് ഇന്ത്യ ഹൈക്കോടതിയെ അറിയിച്ചിരുന്നത്.
എന്നാല്‍ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് വരെയുള്ള ഈ സമയത്ത് ടോള്‍പിരിവ് നിര്‍ത്തിവെക്കുന്നതാണ് ഉചിതമെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിലപാടെടുക്കുകയായിരുന്നു. നാലാഴ്ചയ്ക്കുള്ളില്‍ യോഗം ചേരാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ചെറിയ ദൂരത്തില്‍ മാത്രമുള്ള ഗതാഗത കുരുക്ക് പരിഹരിക്കാന്‍ സര്‍വീസ് റോഡിലൂടെയുള്ള ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണ് എന്ന് ദേശീയ പാതാ അതോറിറ്റി കഴിഞ്ഞയാഴ്ച കോടതിയില്‍ അറിയിച്ചിരുന്നു. ഗതാഗത കുരുക്ക് പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നുണ്ടെന്നായിരുന്നു ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് എടുത്തത്.