ആരോഗ്യവകുപ്പിലെ ശുദ്ധീകരണം ലക്ഷ്യമിട്ട് വിജിലൻസ് സെൽ രൂപീകരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്വാക്കായി. 2018ൽ ഇറങ്ങിയ ഉത്തരവ് ഇപ്പോഴും ആരോഗ്യമന്ത്രിയുടെ ഓഫീസിൽ വിശ്രമത്തിലാണ്. സ്വകാര്യ പ്രാക്ടീസ്, കൈക്കൂലി പരാതികൾ എന്നിവ അന്വേഷിക്കുന്നതിനായാണ് ആരോഗ്യവകുപ്പിൽ വിജിലൻസ് സെൽ രൂപീകരിക്കാൻ തീരുമാനിച്ചത്.
2018 സെപ്തംബർ 14നാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിജിലൻസ് സെൽ രൂപീകരിക്കാൻ മുഖ്യമന്ത്രി ഉത്തരവിറക്കുന്നത്. ഉത്തരവ് ആ മാസം പതിനാറാം തീയതി തന്നെ അന്നത്തെ ആരോഗ്യമന്ത്രിയായ കെ. കെ. ശൈലജയുടെ ഓഫീസിൽ എത്തുന്നു. പിറ്റേദിവസം അതായത് സെപ്തംബർ 19ന് ഈ ഉത്തരവ് ഹെൽത്ത് സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദന്റെ ഓഫീസിലേക്ക്, ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ നിന്ന് കൈമാറുന്നു.
വിജിലൻസ് സെല്ലിന്റെ ഉത്തരവിന് പിന്നീട് അനക്കം വച്ചത് 2013 ജൂൺ 26നാണ്. അന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും പൊലീസ് വിജിലൻസ് സെല്ലിലെ ഉദ്യോഗസ്ഥരും യോഗം ചേർന്നു.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ സ്വകാര്യ പ്രാക്ടീസും, ആരോഗ്യവകുപ്പിലെ കൈക്കൂലി അടക്കമുള്ള വിഷയങ്ങളും അടിയന്തര പ്രാധാന്യത്തോടെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന വിലയിരുത്തലിൽ ആരോഗ്യ മേഖലയ്ക്ക് ഒന്നാകെ, വകുപ്പിന് കീഴിൽ വിജിലൻസ് സെൽ എന്ന ആശയത്തിലേക്ക് എത്തി.
ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വേണമെന്ന ആവശ്യം അംഗീകരിച്ചു. ഡിഎംഇ ഓഫീസിൽ വിജിലൻസ് സെൽ ഉദ്യോഗസ്ഥർക്ക് സ്ഥലം അനുവദിച്ചാൽ അത് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദം കൂട്ടുമെന്ന വിഷയവും അന്നത്തെ ഡിഎംഇ ഡോക്ടർ തോമസ് മാത്യു യോഗത്തിൽ ഉന്നയിച്ചു. ഉദ്യോഗസ്ഥരുടെ സമ്മതത്തോടെ തന്നെ എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കാം എന്നുള്ള ധാരണയിൽ യോഗ അജണ്ട തയാറാക്കി. എന്തൊക്കെ അധികാരങ്ങളാണ് നൽകാൻ പറ്റുക എന്നുള്ള കാര്യത്തിൽ ഡിഎംഇ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് യോഗം അവസാനിപ്പിച്ചു.
2023 മുതൽ 2025 വരെ ആ നിർദേശത്തിന് ഒരു വിലയും ഡിഎംഇ കൽപ്പിച്ചില്ല. ഏറ്റവും ഒടുവിൽ കാലാവധി കഴിയുന്നതിനു തൊട്ടുമുൻപ്, ഏതാണ്ട് മൂന്ന് മാസം മുൻപ്, ഇത് വകുപ്പിലെത്തിയിട്ടും അനക്കമില്ല. ചുരുക്കത്തിൽ പരാതികൾ ഉയർന്നാൽ വകുപ്പിലെ അന്വേഷണം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഡോക്ടർമാർക്കെതിരെ കൈക്കൂലി ആരോപണം ഉണ്ടാകുമ്പോൾ സസ്പെൻഷൻ അടക്കമുള്ള നടപടികളിൽ ഒതുങ്ങി കാര്യം തീരുകയാണ്. പൊലീസ് കേസോ തുടർ നടപടികളോ ഉണ്ടാകുന്നുമില്ല.