ഒളിമ്പിക്സിൽ ഇന്ത്യയുടെ എക്കാലത്തെയും മെഡൽ പ്രതീക്ഷകളിൽ ഒന്നാണ് ഗുസ്തി. മലയാളിക്ക് അത്ര പരിചയമില്ലാത്ത എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കായികതാരങ്ങൾ മെഡലുകൾ വാരിക്കൂട്ടുന്ന ഇനം കൂടിയാണിത്. ഇപ്പോഴിതാ കേരളത്തിലെ യുവതലമുറയും ഗുസ്തി ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.
യോദ്ധാവിന് തുല്യമായി രണ്ട് കായികതാരങ്ങൾ ഗോദയിൽ മാറ്റുരയ്ക്കാനിറങ്ങുമ്പോൾ മൂന്നു മിനിറ്റിനുള്ളിൽ ജയപരാജയങ്ങൾ നിശ്ചയിക്കപ്പെടും. ഒറ്റ നോട്ടം പിശകില്‍ എതിരാളിയെ മലർത്തിയടിക്കുന്നു. പഴയകാലങ്ങളിൽ നാട്ടിലെ ഏറ്റവും നല്ല ബലവാനെയും യോദ്ധാവിനെയും കണ്ടെത്താൻ മണ്ണിൽ നടത്തിയിരുന്ന മത്സരം ഇപ്പോൾ നിയമങ്ങളും ഭേദഗതികളും മാറി മാറ്റിലേക്ക് എത്തിയിരിക്കുന്നു. ഒപ്പം പുരുഷമേൽക്കോയ്മകളെ തച്ചുടച്ച് സ്ത്രീകളും മത്സരങ്ങളുടെ ഭാഗമായി.
ഒരു കാലത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രശസ്തമായിരുന്ന ഗുസ്തി ഇപ്പോൾ കേരളത്തിലും വ്യാപകമാവുകയാണ്. സർവകലാശാലകളിലും അസോസിയേഷനുകളുടെ കീഴിലുമെല്ലാം വിദ്യാർഥികൾ കൂടുതലായി ഗുസ്തി അഭ്യസിച്ചുതുടങ്ങി. ഒരു ഒളിമ്പിക്സ് കൂടി പടിവാതിൽക്കൽ എത്തിനിൽക്കേ മെഡൽ നെഞ്ചിലേറ്റാൻ മലയാളികളും തയ്യാറെടുക്കുകയാണ്.