കൊച്ചിയിൽ എയർ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിന് പിന്നാലെ യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റി പുലർച്ചെ രണ്ടേ മുക്കാലോടെയാണ് യാത്ര ആരംഭിച്ചു. സംഭവത്തിന് പിന്നാലെ അസാധാരണമായി ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് സിയാൽ അറിയിക്കുന്നത്. ഇന്നലെ രാത്രി പത്തരയ്ക്ക് പുറപ്പെട്ട കൊച്ചി-ഡൽഹി വിമാനം ടേക്ക് ഓഫിനിടെ തിരിച്ചിറക്കിയിരുന്നു.
ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം ഉണ്ടായത്. രാത്രി 10.15ന് ബോർഡിങ് ആരംഭിച്ചിരുന്നു. വിമാനം ടേക്ക് ഓഫിനായി റണ്‍വേയിലേക്ക് നീങ്ങുമ്പോഴായിരുന്നു തകരാർ സംഭവിച്ചത്.
വിമാനത്തിലുണ്ടായിരുന്ന ഹൈബി ഈഡൻ എംപിയാണ് വിവരം ആദ്യം പുറത്തുവിട്ടത്. വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതാണെന്ന് എംപി പറഞ്ഞിരുന്നു. ഹൈബി ഈഡനും കുടുംബത്തിനും പുറമേ എംപിമാരായ ജെബി മേത്തറും ആൻ്റോ ആൻ്റണിയും വിമാനത്തിലുണ്ടായിരുന്നു.
“എഐ 504 വിമാനത്തിൽ എന്തോ അസാധാരണമായി സംഭവിച്ചിരിക്കുന്നു. വിമാനം റൺവേയിൽ തെന്നിമാറിയതുപോലെ തോന്നി. ഇതുവരെ ടേക്ക് ഓഫ് ചെയ്തിട്ടില്ല,” എംപി ഫേസ്ബുക്കില്‍ കുറിച്ചു. എഞ്ചിന്‍ തകരാറാണ് കാരണം എന്ന് എയർ ഹോസ്റ്റസ് അറിയിച്ചതായി എംപി ഫേസ്ബുക്കിൽ കുറിച്ചിരുന്നു.