തീപിടിത്തത്തെ തുടർന്ന് അടച്ചിട്ട കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ഐസിയു ഇന്ന് തുറക്കും. വാർഡുകൾ സജ്ജമാകാൻ അടുത്ത ബുധനാഴ്ച വരെ കാത്തിരിക്കേണ്ടി വരും. കഴിഞ്ഞ മെയിൽ രണ്ടു തവണ തീപിടുത്തം ഉണ്ടായതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം അടച്ചത്.
കഴിഞ്ഞ മെയ് രണ്ടിനായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജിലെ പിഎംഎസ് വൈ ബ്ലോക്കിലെ സൂപ്പർ സ്പെഷ്യാലിറ്റി അത്യാഹിത വിഭാഗത്തിൽ ആദ്യ തീപിടിത്തം ഉണ്ടായത്. തുടർന്ന് ഐസിയു താത്കാലികമായി അടച്ചു. അഞ്ചാം തീയതി വീണ്ടും തീപിടിത്തം ഉണ്ടായി. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതി കെട്ടിടത്തിൻ്റെ സുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തി. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നിർദ്ദേശിച്ച അറ്റകുറ്റ പണികളും കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. തുടർന്ന് ഫയർ എൻഒസിയും ലഭിച്ചു. ഈ സാഹചര്യത്തിലാണ് സർജിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ലോർ, ഒന്നാം നില എന്നിവയാണ് ഇന്ന് പ്രവർത്തനം ആരംഭിക്കുന്നത്. എംആർഐ, സിടി, മറ്റ് സേവനങ്ങളും ഈ ബ്ലോക്കിൽ ലഭ്യമാകും. ബുധനാഴ്ച മുതൽ രണ്ട്, മൂന്ന്, നാല് നിലകളിലെ വാർഡുകളും ന്യൂറോ സർജറി തീവ്രപരിചരണ വിഭാഗവും പ്രവർത്തനമാരംഭിക്കും.