ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂരിൽ ഇന്ന് പുലികളി. വിവിധ ദേശങ്ങളെ പ്രതിനിധീകരിച്ച് ഒൻപത് പുലികളി സംഘങ്ങളാണ് ഇത്തവണ നഗരത്തിൽ ഇറങ്ങുക. 35 മുതൽ 50 പുലികളെയാണ് ഓരോ സംഘങ്ങളും സജ്ജമാക്കിയിരിക്കുന്നത്. കുട്ടിപ്പുലികളും പെൺപുലികളും പുലികളി മഹോത്സവത്തിൻ്റെ ഭാഗമായി ഇത്തവണയും വിവിധ ദേശങ്ങൾക്കൊപ്പം ഇറങ്ങും.
വിവിധ മടകളിൽ സജ്ജമാകുന്ന പുലികൾ വൈകിട്ട് നാലു മണിയോടെയാണ് സ്വരാജ് റൗണ്ടിൽ പ്രവേശിക്കുക. വിജയികൾക്ക് തൃശൂർ കോർപ്പറേഷൻ ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിക്കും.
പുലികളി മഹോത്സവത്തോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ ഉച്ചയ്ക്ക് രണ്ടു മണി മുതൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്വരാജ് റൗണ്ടിലേക്ക് ഈ സമയം മുതൽ മറ്റു വാഹനങ്ങൾ പ്രവേശിപ്പിക്കില്ല. ഉച്ചക്ക് ശേഷം തൃശൂർ താലൂക്കിലെ മുഴുവൻ വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. പുലികളിക്ക് മുന്നോടിയായുള്ള മുഴുവൻ ക്രമീകരണങ്ങളും സജ്ജമായതായി കോർപ്പറേഷനും ജില്ലാ ഭരണകൂടവും അറിയിച്ചു.