നിപ പ്രതിരോധത്തിൽ നിർണായക നീക്കവുമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി. നിപ വൈറസിനെ നേരിടാൻ സഹായിക്കുന്ന, സ്യൂഡോവൈറോൺ എന്ന പുതിയ സാങ്കേതികവിദ്യ ഐഎവി വികസിപ്പിച്ചെടുത്തു.
ഒരു ഹൈബ്രിഡ് വൈറസ് ആണ് സ്യൂഡോവൈറോൺ. നിപ വൈറസിന്റെ പുറംഭാഗത്തുള്ള പ്രോട്ടീനുകളെ കന്നുകാലികളിൽ കാണുന്ന, താരതമ്യേന അപകടകാരിയല്ലാത്ത വൈറസിന്റെ ഉള്ളിലേക്ക് മാറ്റി സ്ഥാപിച്ചാണ് ഇത് നിർമ്മിച്ചത്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് സുരക്ഷിതമായി നിപ വൈറസിനെക്കുറിച്ച് കൂടുതൽ പഠിക്കാനും, രോഗനിർണയം വേഗത്തിലാക്കാനും കഴിയും. ഫലപ്രദമായ മരുന്നുകളും വാക്സിനുകളും കണ്ടെത്താനും സാധിക്കും.
ഐഎവി ഡയറക്ടർ ഡോ. ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. 2018ൽ ആണ് ആദ്യമായി കേരളത്തിൽ നിപ വൈറസ് റിപ്പോർട്ട് ചെയ്യുന്നത്. അന്ന് 17 പേർ വൈറസ് ബാധയിൽ മരിച്ചിരുന്നു. പിന്നീട് നിപ്പ ബാധിതരെ രക്ഷിച്ച ചരിത്രവും കേരളത്തിനുണ്ട്.
ആദ്യ നിപ സ്ഥിരീകരണത്തിന് ശേഷം ഈ വർഷം വരെ ഏഴ് തവണകളായി നിപ ബാധ ആവർത്തിച്ചിട്ടുണ്ട്. കൃത്യമായ ഉറവിടം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നത് വെല്ലുവിളിയായി തുടരുകയായിരുന്നു. രോഗബാധ കണ്ടെത്താനും അതിന്റെ ഗവേഷണങ്ങൾക്കും പുതിയ കണ്ടുപിടുത്തം സഹായകമാകും എന്നാണ് പ്രതീക്ഷ.