വിവാദങ്ങളിൽ പൊലീസിന്റെ മനോധൈര്യം നഷ്ടപ്പെടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ന്യൂസ് മലയാളത്തോട് പറഞ്ഞു. പ്രൊഫഷണൽ സമീപനം പൊലീസ് ഉറപ്പാക്കും. സ്റ്റേഷനിൽ എത്തുന്നവരുടെ സ്വകാര്യതയും സ്റ്റേഷന്റെ സുരക്ഷയും പരിഗണിക്കുന്നത് കൊണ്ടാണ് സിസിടിവി ദൃശ്യങ്ങൾ നൽകാൻ വൈകുന്നതെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു.
ലൈംഗിക ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത് നിയമോപദേശം ലഭിച്ച ശേഷമാണ്. ധാരാളം പരാതികൾ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ചിട്ടുണ്ടെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. പേരൂർക്കടയിലെ വ്യാജ മാല മോഷണ കേസിൽ ഡിവൈഎസ്പിയുടെ റിപ്പോർട്ട് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു.
യോഗേഷ് ഗുപ്തയുടെ ഡെപ്യൂട്ടേഷനിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും റവാഡ ചന്ദ്രശേഖർ. അദ്ദേഹത്തിൻ്റെ ആവശ്യങ്ങൾ നിയമപരമായി ചെയ്യാൻ സാധിക്കുന്നത് പൊലീസ് ആസ്ഥാനത്തുനിന്ന് ചെയ്തു കഴിഞ്ഞു. മുഖ്യമന്ത്രി മികച്ച ഭരണാധികാരിയാണെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു. അദ്ദേഹത്തിന് കീഴിൽ പ്രവർത്തിക്കാൻ സാധിച്ചത് ഭാഗ്യമായാണ് കാണുന്നതെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു.