ഞായറാഴ്ച പാകിസ്ഥാനെതിരായ എഷ്യ കപ്പ് മത്സരത്തിനിടെ എന്തുകൊണ്ടാണ് ഇന്ത്യൻ ടീമംഗങ്ങൾ എതിർ ടീമിലെ താരങ്ങൾക്ക് ഹസ്തദാനം നൽകാത്തതെന്ന് വിശദീകരിച്ച് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. മത്സരത്തിൻ്റെ ടോസ് സമയത്തും മത്സര ശേഷവും പാകിസ്ഥാൻ നായകൻ സൽമാൻ അലി ആഗയ്ക്ക് കൈ നൽകാൻ കൂട്ടാക്കാതെ ഇന്ത്യൻ നായകൻ നടന്നകന്നിരുന്നു.
മത്സര ശേഷമുള്ള പ്രസ് മീറ്റിൽ ഇക്കാര്യം വിശദമാക്കാൻ സൂര്യ സമയം കണ്ടെത്തി. നേരത്തെ സമ്മാനദാന ചടങ്ങും ഈ പ്രസ് മീറ്റും പാകിസ്ഥാൻ നായകൻ ബഹിഷ്കരിച്ചിരുന്നു. ഇന്ത്യൻ ടീം അംഗീകരിച്ച തീരുമാനമാണിതെന്നും ചില കാര്യങ്ങൾ സ്പോർട്സ്മാൻ സ്പിരിറ്റിനേക്കാൾ മുന്നിലാണെന്നും സൂര്യകുമാർ യാദവ് വിശദീകരിച്ചു.
“ഏഷ്യ കപ്പിൽ കളിക്കാൻ വേണ്ടി മാത്രം വന്നതിനാൽ ഞങ്ങൾ ഒരു തീരുമാനമെടുത്തിരുന്നു. ഞങ്ങൾ എതിരാളികൾക്ക് ശരിയായ മറുപടിയാണ് നൽകിയത്. ഇന്ത്യൻ ടീം ബിസിസിഐയുമായും സർക്കാരുമായും യോജിക്കുന്നു. ജീവിതത്തിൽ ചില കാര്യങ്ങൾ സ്‌പോർട്‌സ്മാൻ സ്പിരിറ്റിനെക്കാൾ മുന്നിലാണെന്ന് എനിക്ക് തോന്നുന്നു. മത്സര ശേഷമുള്ള സമ്മാനദാന ചടങ്ങിലും ഞാൻ അത് പറഞ്ഞിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിൻ്റെ എല്ലാ ഇരകളോടും കൂടെ ഞങ്ങൾ ഉറച്ചുനിൽക്കുന്നു,” സൂര്യകുമാർ പറഞ്ഞു.
“പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങളോടൊപ്പം ഞങ്ങൾ നിലകൊള്ളുകയും ഞങ്ങളുടെ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഞാൻ നേരത്തെ പറഞ്ഞത് പോലെ ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത നമ്മുടെ ധീരരായ സായുധ സേനകൾക്ക് പാകിസ്ഥാനെതിരായ ഈ വിജയം സമർപ്പിക്കുന്നു. അവർ നമ്മളെയെല്ലാം പ്രചോദിപ്പിക്കുന്നത് തുടരട്ടെ. അവസരം ലഭിക്കുമ്പോഴെല്ലാം സാധ്യമെങ്കിൽ അവരെയും പ്രചോദിപ്പിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും,” ഇന്ത്യൻ നായകൻ കൂട്ടിച്ചേർത്തു.