പാരീസിൽ നടന്ന ബാലൺ ഡി ഓർ പുരസ്കാര ദാനചടങ്ങിൽ ആനന്ദാതിരേകത്താൽ ആനന്ദബാഷ്പം പൊഴിച്ച് ഫ്രഞ്ച് ഫുട്ബോൾ താരം ഒസ്മാൻ ഡെംബലെ. ബ്രസീലിയൻ ഇതിഹാസ താരം റൊണാൾഡീഞ്ഞോയിൽ നിന്ന് പുരസ്കാരമേറ്റ് വാങ്ങിയതിന് പിന്നാലെയാണ് ഡെംബലെയുടെ വാക്കുകൾക്കായി സദസ് കാത്തിരുന്നത്. വലിയ കരഘോഷത്തോടെയാണ് ഡെംബലെയുടെ പ്രഖ്യാപനം കാണികൾ ഏറ്റെടുത്തത്.
എന്നാൽ, ദുരിതം നിറഞ്ഞ ഫ്ലാഷ്ബാക്കുകൾക്കും അമ്മയുടെ കഷ്ടപ്പാട് നിറഞ്ഞ ഓർമകൾക്കും മുന്നിൽ ഒരു നിമിഷം ഡെംബലെയ്ക്ക് നിയന്ത്രണം വിട്ടു. മുഖം പൊത്തിപ്പിടിച്ച് എതാനും നിമിഷം കണ്ണീര് നിയന്ത്രിക്കാനുള്ള പാഴ്ശ്രമം അദ്ദേഹം നടത്തി. എന്നാലും അണപൊട്ടി നിർത്താനാകാത്ത വികാരത്തള്ളിച്ചയിൽ ആ കണ്ണുകൾ സജലമായി നിറഞ്ഞൊഴുകി.
അമ്മ ഫാത്തിമയെ വേദിയിലേക്ക് ക്ഷണിച്ചതിന് പിന്നാലെയാണ് ഡെംബലെ കണ്ണീരണിഞ്ഞത്. എവ്ര്യൂക്‌സ് എന്ന ചെറു പട്ടണത്തിൽ തനിക്ക് പുറമെ നാല് സഹോദരങ്ങളെയും ഒറ്റയ്ക്ക് വളർത്തിയ അമ്മ ഫാത്തിമയുടെ ദുരിതകാലം ഓർത്തപ്പോൾ അയാൾക്ക് കണ്ണുനീർ അടക്കി നിർത്താനാകുമായിരുന്നില്ല.
“ഞാൻ എപ്പോഴും ഒരു ടീമിൻ്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. ബാലൺ ഡി ഓർ ഒരിക്കലും ഒരു ലക്ഷ്യമായിരുന്നില്ല. എന്നാൽ ഇപ്പോൾ എനിക്ക് അത് ലഭിച്ചു. ഇത് അസാധാരണമായ ഒന്നാണ്,” ഡെംബലെ വികാരഭരിതനാകുന്നു. തുടർന്ന് അമ്മയോട് വേദിയിലേക്ക് വരാൻ ആവശ്യപ്പെട്ടതോടെ നിറഞ്ഞ വേദിയിലുള്ളവരെല്ലാം എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിട്ടുണ്ട്.
പുരസ്കാരലബ്ധിയുടെ ആവേശത്തള്ളിച്ചയിലും ഡെംബെലെ തൻ്റെ വേരുകളോ ഭൂതകാലമോ മറന്നില്ല. ബാഴ്സലോണയിൽ മെസ്സിക്കൊപ്പം കളിക്കാനായതിൻ്റെയും തൻ്റെ തുടക്കകാലവും താരം ഓർത്തെടുത്തു. “ബാഴ്‌സയ്ക്ക് വേണ്ടി കളിക്കുക എന്നത് ഒരു സ്വപ്നമായിരുന്നു. ഏഴ് വർഷം ഞാൻ അവിടെ ചെലവഴിച്ചു. ഇനിയേസ്റ്റയ്ക്കും മെസ്സിക്കുമൊപ്പം കളി പഠിച്ചു. അതെല്ലാം എന്നെ ഇവിടെ എത്തിച്ചു,” ഡെംബലെ പറഞ്ഞു.
നിലവിലെ ക്ലബ്ബായ പിഎസ്‌ജി, ഉടമ നാസർ അൽ ഖെലൈഫി, കോച്ച് ലൂയിസ് എൻറിക് എന്നിവരെയും താരം പ്രത്യേകം പരാമർശിച്ചു. ഇവർക്കെല്ലാം നന്ദി പറഞ്ഞ ശേഷം കോച്ച് ലൂയിസ് എൻറിക് തനിക്ക് ഒരു പിതാവിനെ പോലെ ആദരണീയനാണെന്നും ഡെംബലെ കൂട്ടിച്ചേർത്തു.