രാജ്ഭവന്റെ ത്രൈമാസികയില്‍ ഗവര്‍ണറുടെ അധികാരത്തെപ്പറ്റി പറയുന്ന ലേഖനത്തോട് പരസ്യമായി വിയോജിച്ച് മുഖ്യമന്ത്രി. ഇടക്കാലത്ത് ഉണ്ടായ അകല്‍ച്ച മറന്ന് മുഖ്യമന്ത്രി ചടങ്ങിന് എത്തിയത് മഞ്ഞുരുക്കമായി തോന്നിച്ചെങ്കിലും ലേഖനത്തിലെ അഭിപ്രായം സര്‍ക്കാരിന്‍േറതല്ല എന്ന് മുഖ്യമന്ത്രി തുറന്നു പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് ഗവര്‍ണര്‍ മൗനം പാലിച്ചു.
സര്‍വകലാശാല വിഷയങ്ങളില്‍ ഇടഞ്ഞ് നിന്ന ശേഷം മുഖ്യമന്ത്രി രാജ് ഭവിനിലേക്ക് എത്തുന്നു എന്നതായിരുന്നു ത്രൈമാസിക പ്രകാശനത്തെശ്രദ്ധാകേന്ദ്രമാക്കിയത്. ഭാരതാംബയുടെ ചിത്രത്തിന് മുന്നിലെ പുഷ്പാര്‍ച്ചനയെന്ന നിര്‍ബന്ധം വെടിഞ്ഞ് ഗവര്‍ണറും സര്‍ക്കാരുമായി അടുക്കുന്ന സൂചന നല്‍കി. എന്നാല്‍ രാജ്ഭവനുമായുളള ബന്ധം വിയോജിപ്പുകള്‍ തുറന്നുപറയാന്‍ തടസമല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. പ്രകാശനം ചെയ്ത രാജഹംസ് മാസികയില്‍ ഗവര്‍ണറുടെ അധികാരത്തെ കുറിച്ചുളള ലേഖനത്തിലെ ഉളളടക്കം സര്‍ക്കാര്‍ നിലപാടല്ലെന്ന് പറയാന്‍ മുഖ്യമന്ത്രി മടിച്ചില്ല.
വിയോജനാഭിപ്രായങ്ങളെ അനുവദിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് വ്യക്തം ആക്കിയ മുഖ്യമന്ത്രി പ്രസംഗത്തിന്റെ ഉപസംഹാരത്തിലും വിമര്‍ശനം ഒളിപ്പിച്ചു. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളെ കുറിച്ച് ശശി തരൂരിനോട് ചോദിച്ച് മനസിലാക്കിയെങ്കിലും മറുപടി പറയാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല. രാജ്ഭവനെ ജനങ്ങളുടെ സ്ഥാപനം എന്ന നിലയില്‍ ലോക് ഭവനാക്കി മാറ്റണമെന്ന് ഡോ.ശശി തരൂര്‍ എം.പി.ആവശ്യപ്പെട്ടു. ഇതിനോട് യോജിച്ച ഗവര്‍ണര്‍2022ല്‍ തന്നെ ഈ നിലപാട് പറഞ്ഞിട്ടുണ്ടെന്നും വിശദീകരിച്ചു. ചടങ്ങില്‍ ക്ഷണം ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് പങ്കെടുത്തില്ല.