2024 കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ നിർണയിക്കുന്നതിനുള്ള ജൂറിയെ രൂപീകരിച്ചു. നടനും സംവിധായകനും ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവുമായ പ്രകാശ് രാജ് ആണ് ജൂറി ചെയർപേഴ്സൺ. 128 സിനിമകളാണ് ജൂറിയുടെ പരിഗണനയിലുള്ളത്. ഇന്ന് മുതല്‍ ഈ സിനിമകളുടെ സ്ക്രീനിങ് ആരംഭിക്കും.
സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവരാകും പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികള്‍ നയിക്കുക. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. പ്രകാശ് രാജ്, രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ക്കു പുറമെ അന്തിമ വിധിനിര്‍ണയ സമിതിയില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകന്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.
ദേശീയ അവാര്‍ഡ് ജേതാക്കളായ ചലച്ചിത്രനിരൂപകന്‍ എം.സി. രാജനാരായണന്‍, സംവിധായകന്‍ വി.സി. അഭിലാഷ്, ചലച്ചിത്ര ഗാനരചയിതാവും കവിയുമായ വിജയരാജമല്ലിക, ഛായാഗ്രാഹകന്‍ സുബാല്‍ കെ.ആര്‍, സംവിധായകനും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദധാരിയുമായ ഫിലിം എഡിറ്റര്‍ രാജേഷ് കെ, ചലച്ചിത്ര ഗാനരചയിതാവും എഴുത്തുകാരിയുമായ ഡോ. ഷംഷാദ് ഹുസൈന്‍ എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ മറ്റ് അംഗങ്ങള്‍. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് പ്രാഥമിക, അന്തിമ വിധിനിര്‍ണയ സമിതികളില്‍ മെമ്പര്‍ സെക്രട്ടറിയായിരിക്കും.
ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്രനിരൂപകന്‍ മധു ഇറവങ്കരയാണ് രചനാവിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍. ചലച്ചിത്രനിരൂപകനും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ എ. ചന്ദ്രശേഖര്‍, ചലച്ചിത്രനിരൂപകയും എഴുത്തുകാരിയും ഗവേഷകയുമായ ഡോ.വിനീത വിജയന്‍, അക്കാദമി സെക്രട്ടറി സി. അജോയ് (ജൂറി മെമ്പര്‍ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങള്‍.