ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമന അഭിമുഖത്തിൽ അപേക്ഷകരായി നാല് താല്‍ക്കാലിക വിസിമാർ. സിസ തോമസ്, കെ. ശിവപ്രസാദ്, കെ.കെ സാജു, ജഗതി രാജ് വി.പി എന്നിവർ അപേക്ഷിച്ചു. മുൻ സാങ്കേതിക സർവകലാശാല വിസി എം.എസ്. രാജശ്രീയും അഭിമുഖത്തിനായെത്തും. സുപ്രീംകോടതി നിയോഗിച്ച സേർച്ച് കമ്മിറ്റിയാണ് അഭിമുഖം നടത്തുന്നത്.
ഡിജിറ്റൽ സർവകലാശാലയിലെ നിലവിലെ താല്‍ക്കാലിക വിസിയാണ് സിസ തോമസ്. കെടിയുവിലെ താല്‍ക്കാലിക വിസി കെ. ശിവപ്രസാദ്, കണ്ണൂർ സർവകലാശാല താല്‍ക്കാലിക വിസി കെ.കെ. സാജു, ഓപ്പൺ സർവകലാശാലയിലെ ജഗതി രാജ് എന്നിവരാണ് അഭിമുഖത്തിനെത്തുക. ഇന്നും, നാളെയുമായി തിരുവനന്തപുരത്താണ് അഭിമുഖം നടക്കുക. സുപ്രീംകോടതി നിയോഗിച്ച സേർച്ച് കമ്മിറ്റിയാണ് അഭിമുഖം നടത്തുക. മുൻ ജസ്റ്റിസ് സുധാംഷു ധൂലിയയാണ് കമ്മിറ്റി അധ്യക്ഷൻ.
സ്ഥിര വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന് ഗവർണർ ഹർജി നൽകിയിരുന്നെങ്കിലും, സുപ്രിംകോടതി മാറ്റിവെക്കുകയായിരുന്നു. രണ്ടുമാസത്തിനകം സ്ഥിരം വിസി നിയമനം നടത്താനാണ് സുപ്രീംകോടതി ഉത്തരവിട്ടിരുക്കുന്നത്.