ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌യുടെ സംസ്ഥാന പര്യടന പരിപാടിക്കിടെ ഉണ്ടായ കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. മുൻ ജഡ്ജി അജയ് റസ്തോഗിക്കാണ് അന്വേഷണ ചുമതലയെന്നും സുപ്രീം കോടതി അറിയിച്ചു.
തമിഴ്നാട് ഐപിഎസ് കേഡറിൽ നിന്നുള്ള, എന്നാൽ തമിഴ്നാട് സ്വദേശികളല്ലാത്ത രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കമ്മിറ്റിയിൽ അംഗമാകാമെന്നും ഉത്തരവിൽ പറയുന്നുണ്ട്. സിബിഐ നടത്തുന്ന അന്വേഷണം കമ്മിറ്റി നിരീക്ഷിക്കും. അന്വേഷണ പുരോഗതിയെക്കുറിച്ച് സിബിഐ ഉദ്യോഗസ്ഥർ പ്രതിമാസ റിപ്പോർട്ടുകൾ കമ്മിറ്റിക്ക് സമർപ്പിക്കണമെന്നും സുപ്രീം കോടതി അറിയിച്ചു.
കരൂരിൽ സംഘടിപ്പിച്ച ടിവികെ റാലിയിലെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ക്കാണ് ജീവന്‍ നഷ്മായത്. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെയും ബിജെപി കൗണ്‍സിലറും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിലാണ് ഇപ്പോൾ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
സിബിഐ അന്വേഷണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്. ഭരണകൂടത്തിന്റെ അനാസ്ഥയാണ് ഇത്തരമൊരു ദുരന്തത്തിന് കാരണമെന്നും അതില്‍ അന്വേഷണം വേണമെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.
കരൂര്‍ ദുരന്തത്തില്‍ ഇരകളായവരുടെ കുടുംബങ്ങളുമായി വിജയ് വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. ദുരന്തം സംഭവിക്കാന്‍ പാടില്ലായിരുന്നെന്നും അത് ഒരിക്കലും നികത്താനാവാത്ത നഷ്ടമാണെന്നും വിജയ് പറഞ്ഞതായി ഒരു കുടുംബം വ്യക്തമാക്കി. വീഡിയോ കോളില്‍ സംസാരിക്കുന്നതിൻ്റെ വീഡിയോയോ ഫോട്ടോയോ ഒന്നും എടുക്കരുതെന്ന് സന്ദര്‍ശിച്ച സംഘങ്ങള്‍ അറിയിച്ചുവെന്നും കൂടുംബങ്ങൾ അറിയിച്ചു.