യൂത്ത് കോൺഗ്രസ് അധ്യക്ഷ നിയമന വിവാദത്തിൽ അബിൻ വർക്കിക്ക് പിന്തുണയുമായി ചാണ്ടി ഉമ്മൻ. അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ അർഹനായിരുന്നെന്നാണ് അബൻി വർക്കിയുടെ പ്രസ്താവന. അബിന് വിഷമം ഉണ്ടാകുന്നത് സ്വാഭാവികമാണ്. താഴെ തട്ടിൽ നിന്ന് ഉയർന്ന് വന്ന ആളെ പരിഗണിക്കാമായിരുന്നു എന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു.
അബിനെ പരിഗണിക്കാമായിരുന്നെങ്കിലും, പാർട്ടി തീരുമാനം വന്നാൽ അത് അംഗീകരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. നാഷണൽ ഔട്ട് റീച്ച് സെല്ലിൽ നിന്ന് ഒഴിവാക്കിയ സംഭവത്തെക്കുറിച്ചും ചാണ്ടി ഉമ്മൻ സംസാരിച്ചു. ” ഒരു വാക്ക് ചോദിക്കാതെയാണ് നാഷണൽ ഔട്ട് റീച്ച് സെല്ലിൽ നിന്ന് എന്നെ ഒഴിവാക്കിയത്. അന്ന് പാർട്ടി തീരുമാനം ഞാൻ അംഗീകരിക്കുകയായിരുന്നു. പുറത്താക്കാൻ നേതൃത്വം നൽകിയത് ആരാണെന്ന് എല്ലാവർക്കും അറിയാം,” ചാണ്ടി ഉമ്മൻ പറഞ്ഞു. തെരഞ്ഞെടുപ്പായതിനാൽ കൂടുതൽ പറയുന്നില്ല, എന്നാൽ ഒരിക്കൽ അത് തുറന്ന് പറയുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
അതേസമയം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെയും വർക്കിങ് പ്രസിഡന്റ്റിനെയും മാനദണ്ഡങ്ങൾ ലംഘിച്ച് നിയമിച്ചതിനെതിരെ ഹൈക്കമാന്റിന് പരാതി നൽകിയിരിക്കുകയാണ് എ,ഐ ഗ്രൂപ്പുകൾ. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കുമാണ് പരാതി നൽകിയത്. തീരുമാനം പുനഃപരിശോധിക്കില്ല എന്നുള്ള ഉറപ്പുണ്ടെങ്കിലും സംസ്ഥാനത്തെ വികാരം ദേശീയ നേതൃത്വത്തെ അറിയിക്കുകയാണ് ലക്ഷ്യം.
തീരുമാനത്തിൽ പുനഃപരിശോധനയില്ലെന്നും നേതൃത്വത്തിലുള്ളവരെല്ലാം നല്ല കുട്ടികളാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം കെ.സി. വേണുഗോപാല്‍ പ്രതികരിച്ചത്. എന്നാൽ പാർട്ടിക്കുള്ളിൽ നിലപാട് പറയാനാണ് എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം. രമേശ് ചെന്നിത്തല അടക്കം മുതിർന്ന നേതാക്കളുടെ വാക്കിന് ദേശീയ നേതൃത്വം ഒരു വിലയും കൽപ്പിച്ചില്ലെന്ന വികാരവും ശക്തമാണ്. കേരളത്തിലേക്ക് പിടിമുറുക്കാൻ കെ.സി. വേണുഗോപാൽ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇതെല്ലാം എന്നും ഗ്രൂപ്പുകൾ വിലയിരുത്തുന്നുണ്ട്.