ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമാകുന്നു. ആനന്ദ് വിഹാറില്‍ വായു ഗുണനിലവാരം ഗുരുതരമെന്നാണ് സൂചിക തെളിയിക്കുന്നത്. ആനന്ദ് വിഹാറില്‍ വായു ഗുണനിലവാര സൂചിക 400ന് മുകളിലെത്തി. ഡല്‍ഹിയിലെ പലയിടത്തും വായു ഗുണനിലവാരസൂചിക 300ന് മുകളിലുമാണ്.
ദീപാവലിയുടെ തലേദിവസമായ ഇന്നലെ രാത്രിയില്‍ ഡല്‍ഹിയിലെ 38 നിരീക്ഷണ കേന്ദ്രങ്ങളില്‍ 28 കേന്ദ്രങ്ങളിലും വായുഗുണനിലവാരം സൂചികയില്‍ വളരെ മോശം എന്ന വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരുന്നത്. ആനന്ദ വിഹാറില്‍ ഇത് ഒരുപടി കൂടി താഴ്ന്ന് ഗുരുതരം എന്ന വിഭാഗത്തിലുമെത്തി. വൈകീട്ട് നാലിന് നഗരത്തിന്റെ വായുഗുണനിലവാരം സൂചികയില്‍ 296ലെത്തുകയും പിന്നീട് രാത്രിയോടെ സൂചിക 300ന് മുകളിലേക്കും 400ന് മുകളിലേക്കുമെല്ലാം എത്തുകയായിരുന്നു. ആനന്ദ് വിഹാറില്‍ രാത്രി 10ന് സൂചിക 409 പോയിന്റിലെത്തി.
വാസിര്‍പൂരില്‍ വായുഗുണനിലവാര സൂചിക 364ലും വിവേക് വിഹാറില്‍ 351 പോയിന്റിലും ദ്വാരകയില്‍ 335 പോയിന്റിലും ആര്‍കെ പുരത്ത് 323 പോയിന്റിലുമെത്തി. ആശങ്കപ്പെടുത്തുന്ന അവസ്ഥയായാണ് ഇതിനെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഡല്‍ഹിയിലെ ആകെ മലിനീകരണത്തില്‍ 15.1 ശതമാനമുണ്ടായത് വാഹനങ്ങളില്‍ നിന്നുള്ള പുക മൂലമാണെന്നാണ് വിലയിരുത്തല്‍.