പോളണ്ടില്‍ ഒമ്പതുമാസം മാത്രം പ്രായമുള്ള കുഞ്ഞുമായി പർവതാരോഹണത്തിന് ശ്രമിച്ച ലിത്വാനിയക്കാരായ ദമ്പതികള്‍ മലമുകളില്‍ കുടുങ്ങി. പോളണ്ട് – സ്ലൊവാക്കിയ അതിർത്തിയിലെ 2500 മീറ്റർ കുത്തനെയുള്ള പർവതത്തിലാണ് ദമ്പതികള്‍ കുഞ്ഞുമായി കയറിയത്. പോളണ്ടിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് റൈസിയിൽ, വളരെ അപകടകരമായ കാലാവസ്ഥയിലായിരുന്നു ഈ അതിസാഹസികത.
മഞ്ഞുവീഴ്ച കനത്തതോടെ തിരിച്ചിറങ്ങാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അധികൃതരെ വിവരം അറിയിക്കാനുള്ള ഗൈഡിന്റെ നിർദേശവും ഇവർ അവഗണിച്ചു. ഇതോടെ, കുഞ്ഞുമായി ഗൈഡ് ഒറ്റയ്ക്ക് പർവതം ഇറങ്ങുകയായിരുന്നു. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മാതാപിതാക്കള്‍ക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
ഒരു കുഞ്ഞിനെ അപകടത്തിലാക്കാതെ പ്രകൃതിയെ ആസ്വദിക്കാൻ എണ്ണമറ്റ വഴികളുണ്ട്. ചില മാതാപിതാക്കൾ കുട്ടികളുടെ സുരക്ഷയെ അപകടത്തിലാക്കി ഇത്ര അപകടകരമായ ഒരു തീരുമാനം എടുക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ പ്രയാസമാണ്. ഒരു കുഞ്ഞിന്റെ ജീവന് അവർ എങ്ങനെ ഭീഷണി മുഴക്കി എന്നത് അവിശ്വസനീയമാണ്. പൊലീസ് നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.