കൊട്ടാരക്കര :ഗൾഫ് രാജ്യത്ത് വർഷങ്ങളോളം ജോലി ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങിയ രാജീവ് ഇപ്പോൾ വാഴയില കൃഷിയിലൂടെ പുതിയൊരു ജീവിതം കണ്ടെത്തുകയാണ് കൊട്ടാരക്കര മൈലം സ്വദേശിയായ രാജീവ്. പരമ്പരാഗത തൊഴിൽ വഴികൾ ഉപേക്ഷിച്ച് സ്വന്തം നാട്ടിൽ തന്നെ വ്യത്യസ്തമായ ഒരു മാതൃക സൃഷ്ടിച്ചിരിക്കുന്നു.
വർഷങ്ങൾ നീണ്ട പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ രാജീവ് പരിസ്ഥിതി സൗഹൃദമായ രീതിയിൽ വാഴയില കൃഷി ആരംഭിച്ചു. പ്രാരംഭഘട്ടത്തിൽ ചെറിയതോതിൽ 300 വാഴകളിൽ ആരംഭിച്ച കൃഷി ഇപ്പോൾ 2000 വാഴകളായി വളർന്നു .നാട്ടിൽ തന്നെ നല്ലൊരു വരുമാനം നേടാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് രാജീവ് എന്ന കർഷകൻ. യുവാക്കൾക്കും നാട്ടിൽ അവസരങ്ങൾ കണ്ടെത്താനാകുമെന്ന് ഈ പ്രവാസി തെളിയിക്കുന്നു. പ്രദേശത്തെ ഹോട്ടലുകൾ, തട്ടുകടകൾ, കാറ്ററിംഗ് സർവീസുകൾക്കെല്ലാം, വാഴയിലകൾ അദ്ദേഹം വിതരണം ചെയ്യുന്നുണ്ട്. ഏകദേശം 2000 വാഴയിലകൾ ദിവസേന ലഭിക്കുന്നുണ്ട് .ഈ വിജയത്തിന് പുറകിൽ കുടുംബത്തിൻറെ പൂർണ പിന്തുണയുണ്ട് ഭാര്യയും, മകനും ,മകളും അടങ്ങുന്ന തന്റെ കുടുംബം ഈ സംരംഭത്തിന് പൂർണ്ണ പിന്തുണയാണ്.

വാഴയിലകളുടെ കച്ചവടം വഴി ഇപ്പോൾ നല്ല വരുമാനം ലഭിക്കുന്ന രാജീവിന് കൂടുതൽ ആളുകളെയും ഈ കൃഷിയിലേക്ക് എത്തിക്കാൻ സാധിക്കും. പ്രകൃതിയോടുള്ള അടുപ്പവും നാട്ടിലെ മണ്ണിൽ നിന്ന് തന്നെ ഉപജീവനം കണ്ടെത്താം എന്ന മാതൃകയും രാജിവിന്റെ ജീവിതം തെളിയിക്കുന്നു. പുതുതലമുറയ്ക്ക് ഊർജ്ജം പകരുകയാണ് രാജീവ് എന്ന മൈലം സ്വദേശി.
ആഷ്‌മി . ജെ
മനേഷ്. എം



