ക്യൂബൻ തീരം തൊട്ട് ജമൈക്കയുടെ ഹിംസഭാഗവും കവർന്ന മെലീസ ചുഴലിക്കാറ്റിൻ്റെ വ്യാപ്തി എത്ര ഭീകരമെന്ന് വ്യക്തമാക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്. ജമൈക്കയുടെ തെക്കുപടിഞ്ഞാറൻ തീരത്തും വ്യാപകമായ വെള്ളപ്പൊക്കവും നാശനഷ്ടങ്ങളും ഉണ്ടായതായാണ് സാറ്റലൈറ്റ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. കൊടുങ്കാറ്റിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കേണ്ടി വന്നത് തീരദേശവാസികളാണ്. മത്സ്യബന്ധന ഗ്രാമങ്ങളെയടക്കം ചുഴലിക്കാറ്റ് നിലംപരിശാക്കി.
ജമൈക്കയുടെ പ്രധാനപ്പെട്ട നഗര കേന്ദ്രങ്ങൾ ചെളിമൂടിയ ദുരന്തഭൂമിയായി മാറി. മെലിസ രണ്ടു നൂറ്റാണ്ടിനിടെ ജമൈക്കയിൽ വീശിയ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ്. ചുഴലിക്കാറ്റിൻ്റെ ആഘാതത്തിൽ ജമൈക്കൻ തീരദേശമാണ് കൂടുതൽ ദുരിതത്തിലായത്. ഗ്രാമങ്ങളെ ഏതാണ്ട് നിലംപരിശാക്കിയ അവസ്ഥയിലാണ് എന്നാണ് റിപ്പോർട്ട്.
താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങൾ ഭൂരിഭാഗവും വെള്ളത്തിനടിയിലാണ്. നാശനഷ്ടങ്ങൾ ഏറെയും ക്യൂബയിൽ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നൂറുകണക്കിന് വീടുകൾ തകർന്നു. ഗതാഗതം പൂർണമായും നിലച്ച നിലയിലാണ്. ക്യൂബയിൽ ഏഴര ലക്ഷത്തോളം പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ബെർമുഡ ദ്വീപിലേക്ക് നീങ്ങി തുടങ്ങിയ മെലിസ നിലവിൽ കാറ്റഗറി രണ്ടിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

 
                                    