ഓപ്പറേഷൻ സൈ-ഹണ്ടിൻ്റെ പരിശോധനയ്ക്കിടെ കൊച്ചിയിൽ വിദ്യാർഥികളടങ്ങുന്ന വൻ തട്ടിപ്പ് സംഘം പിടിയിൽ. അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിനിടെയാണ് മൂന്ന് പേർ അന്വേഷണസംഘത്തിൻ്റെ പിടിയിലായത്. ഏലൂർ സ്വദേശി അഭിഷേക് വിജു, വെങ്ങോല സ്വദേശി ഹാഫിസ്, എടത്തല സ്വദേശി അൽത്താഫ് എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത്.
അഭിഷേക്, ഹാഫിസ് എന്നിവർ തൃക്കാക്കരയിലെ കോളേജ് വിദ്യാർഥികളാണ്. ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് ഇന്നലെ മാത്രം ആറ് ലക്ഷത്തിലേറെ രൂപയാണ് പിൻവലിച്ചത്. ഇവർ മുഖേന അക്കൗണ്ട് ദുബൈയിലേക്ക് കൈമാറിയാൾക്കായി അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.
തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന 300 അക്കൗണ്ടുകളാണ് കൊച്ചിയിൽ കണ്ടെത്തിയത്. വിദ്യാർഥികളുടെ അക്കൗണ്ടുകളിലാണ് തട്ടിപ്പിലൂടെ ലഭിക്കുന്ന പണം എത്തുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. കൂടുതൽ വിദ്യാർഥികളുടെ അറസ്റ്റ് ഉണ്ടാകും. കോളേജുകൾ കേന്ദ്രികരിച്ച് ബോധവത്കരണം നടത്താൻ തീരുമാനമായിട്ടുണ്ട്.ഗെയിമിങ്ങിലൂടെ പണം ലഭ്യമാക്കാം എന്ന് കമ്പളിപ്പിച്ചാണ് തട്ടിപ്പ് സംഘം വിദ്യാർഥികളെ സമീപിക്കുന്നത്. തട്ടിപ്പ് പണം പിൻവലിച്ച് നൽകുമ്പോൾ വിദ്യാർഥികൾക്ക് കമ്മീഷൻ ലഭിക്കും

 
                                    