ഇന്ത്യയിലെ മുൻനിര കണ്ടന്റ് വിതരണ കമ്പനിയായ ഡിഷ് ടിവി അവതരിപ്പിച്ച പുതിയ ഇന്റഗ്രേറ്റഡ് സ്മാർട്ട് ടിവി ബ്രാൻഡ് ‘വി ഇസഡ് വൈ’ കേരളത്തിൽ വിപണനം ആരംഭിച്ചു. നിക്ഷാന്‍, പിട്ടാപ്പിള്ളില്‍, നന്ദിലത്ത് ഉൾപ്പെടെയുള്ള മുൻനിര റീറ്റെയ്ൽ ഔട്ലെറ്റുകളിൽ ‘വി ഇസഡ് വൈ’ സ്മാർട്ട് ടിവികൾ ഇപ്പോൾ ലഭ്യമാണെന്ന് കമ്പനി അധികൃതർ അറിയിച്ചു. കമ്പനിയുടെ ശക്തമായ വിതരണ ശൃംഖല സംസ്ഥാനത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് പുതിയ ഉത്പനത്തിന്റെ ലഭ്യത ഉറപ്പുവരുത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ലൈവ് ടെലിവിഷനും ഒ.ടി.ടി. അനുഭവങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമിൽ ഏകോപിപ്പിച്ച പുതിയ വിനോദലോകമാണ് ‘വി ഇസഡ് വൈ’ സ്മാർട്ട് ടി വിയെന്ന് ഡിഷ് ടിവി ഇന്ത്യയുടെ ചീഫ് റവന്യൂ ഓഫീസർ സുഖ്പ്രീത് സിങ് പറഞ്ഞു. “നൂതന സാങ്കേതികവിദ്യയെ വിലമതിക്കുന്നവരാണ് കേരളത്തിലെ ഉപഭോക്താക്കൾ. ‘വി ഇസഡ് വൈ’ വെറുമൊരു സ്മാർട്ട് ടിവി എന്ന നിലയിലല്ല വിപണിയിൽ ഇറക്കിയിരിക്കുന്നത്. നൂതന സാങ്കേതികവിദ്യയിലൂടെ ഒരു സമ്പൂർണ വിനോദ അനുഭവമാണ് ‘വി ഇസഡ് വൈ’ ഒരുക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
‘വി ഇസഡ് വൈ’ സ്മാർട്ട് ടിവികൾ ഇൻബിൽറ്റ് DTH സെറ്റ്-ടോപ്പ് ബോക്‌സ്, ഒ.ടി.ടി. ഇന്റഗ്രേഷൻ, 32 ഇഞ്ച് മുതൽ 55 ഇഞ്ച് വരെ 4K UHD QLED ഡിസ്പ്ലേ, ഡോൾബി വിഷൻ, ഡോൾബി ഓഡിയോ, പ്രീമിയം മോഡലുകളിൽ ഡോൾബി ആറ്റ്മോസും, ഗൂഗിൾ ടിവി 5 (Android 14) സംവിധാനം, 2GB റാമും 32GB സ്റ്റോറേജും ഉൾപ്പെടെ മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു.

                                    

