റഷ്യയിലെ പ്രധാന എണ്ണ കമ്പനികളായ റോസ്‌നെഫ്റ്റിനും ലൂകോയിലിനും യുഎസ് ഉപരോധമേര്‍പ്പെടുത്തിയതിന് പിന്നാലെ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തി.
യുഎസ് ഉപരോധം എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും രണ്ട് മാസത്തിനകം കൃത്യമായ ചിത്രം തെളിയുമെന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നവംബര്‍ 21 മുതലാണ് ഉപരോധം നിലവില്‍ വരുന്നത്. ഈ സാഹചര്യത്തില്‍ റഷ്യയിലെ എണ്ണ കമ്പനികള്‍ വലിയ ആശങ്കയിലാണ്.
എണ്ണ വ്യാപാരത്തില്‍ നിന്നുള്ള റഷ്യയുടെ പ്രധാന വരുമാനങ്ങള്‍ നിര്‍ത്തലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഉപരോധം ഏര്‍പ്പെടുത്തിയത്. ”കൊലപാതകങ്ങള്‍ അവസാനിപ്പിച്ച് ഒരു അടിയന്തര വെടിനിര്‍ത്തല്‍ നിലവില്‍ വരേണ്ട സമയമായി” എന്നാണ് ഉപരോധം ഏര്‍പ്പെടുത്തുന്നതായി പ്രഖ്യാപിക്കുന്നതിനിടെ സ്‌കോട്ട് ബെസ്സന്റ് റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ അടിസ്ഥാനപ്പെടുത്തി പറഞ്ഞത്.
ഗ്ലോബല്‍ കമ്മോഡിറ്റി അനലിറ്റിക്‌സ് സ്ഥാപനമായ കെപ്ലര്‍ നല്‍കുന്ന വിവരം അനുസരിച്ച് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഒക്ടോബര്‍ 27ലെ അവസാന ആഴ്ചയില്‍ 1.19 മില്യണ്‍ ബാരല്‍സ് പെര്‍ ഡേ (ബിപിഡി) ആയി കുറഞ്ഞിരുന്നു. എന്നാല്‍ അതിന് മുന്നേയുള്ള രണ്ട് ആഴ്ചകളിലും 1.95 മില്യണ്‍ ബിപിഡിയാണ് രേഖപ്പെടുത്തിയത്.
ഒക്ടോബര്‍ 27ലെ ആഴ്ചയില്‍ റോസ്‌നെഫ്റ്റിന്റെ കയറ്റുമതി 0.81 മില്യണ്‍ ബാരലായി കുറഞ്ഞു. മുന്നെയുള്ള ആഴ്ചത്തെ കണക്ക് പരിശോധിക്കുമ്പോള്‍ 1.41 മില്യണ്‍ ബാരലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇതേ കാലത്ത് ലൂക്കോയില്‍ ഇന്ത്യയിലേക്ക് ഒട്ടും എണ്ണ കയറ്റുമതി ചെയ്തില്ല. അതിനുമുന്നെയുള്ള ആഴ്ച 0.24 മില്യണ്‍ ബാരലാണ് കയറ്റി അയച്ചത്.
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയിലെ കുറവ് ഇന്ത്യയെ വലിയ രീതിയില്‍ ബാധിക്കും. എച്ച്പിസിഎല്‍-മിറ്റല്‍ എനര്‍ജി പോലുള്ള ഇന്ത്യന്‍ റിഫൈനറികള്‍ ഇതിനകം റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് പിന്നോട്ട് വന്നിട്ടുണ്ട്.



