ഒരു മാസം നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിൽ ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 121 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് . രാവിലെ ഏഴ് മണിയോടെ പോളിംഗ് ആരംഭിച്ചു.
സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പോളിങ് ബൂത്തുകളിൽ ഒരുക്കിയിരിക്കുന്നത്. പാട്ന , വൈശാലി, മുസ്ഫർപുർ, ഗോപാൽഗഞ്ച് തുടങ്ങി 121 മണ്ഡലങ്ങളാണ് ബിഹാറിൽ ഒന്നാം ഘട്ടത്തിൽ വിധിയെഴുതുന്നത്. വിധിയെഴുതുന്നത് 3.75 കോടി വോട്ടർമാർ. 1,314 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
ആദ്യഘട്ട വോട്ടെടുപ്പ് മഹാസഖ്യത്തിനും എൻഡിഎക്കും ഒരു പോലെ നിർണായകം. ആർജെഡിക്ക് മുൻതൂക്കമുള്ള ഒന്നാംഘട്ടത്തിൽ സ്വന്തം തട്ടകം ഉറപ്പിച്ച് നിർത്തേണ്ടത് മഹാസഖ്യത്തിന് അനിവാര്യമാണ്. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയും തെരഞ്ഞെടുപ്പ് പ്രചാരണവും ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് മഹാസഖ്യം. രണ്ട് പതിറ്റാണ്ട് കാലം ബിഹാർ ഭരിച്ച നിതീഷ് കുമാറിനെതിരായ ഭരണവിരുദ്ധ വികാരം അനുകൂലമാകുമെന്നാണ് പ്രതീക്ഷ.
പ്രധാനമന്ത്രിയും അമിത് ഷായും അടക്കമുള്ള പ്രമുഖർ നേരിട്ടിറങ്ങി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണം വോട്ടാകുമെന്നാണ് എൻഡിഎയുടെ വിലയിരുത്തൽ. വികസന പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങളിലുണ്ടായ പുരോഗതി, എന്നിവയ്ക്ക് ഊന്നൽ നൽകിയായിരുന്നു എൻഡിഎയുടെ പ്രചാരണം. തൊഴിലവസരങ്ങൾ സാമ്പത്തിക ആശ്വാസം എന്നിവയാണ് മഹാസഖ്യം പ്രധാന വിഷയങ്ങളാക്കിയത്. പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിൽ കളത്തിലിറങ്ങിയ ജൻസുരാജ് പാർട്ടി നേടുന്ന വോട്ടുകളും തെരഞ്ഞെടുപ്പിൽ നിർണായകമാകും .



