ന്യൂയോർക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സൊഹ്‌റാൻ മംദാനിക്ക് കീഴിലുള്ള പുതിയ ഭരണകൂടം ജനുവരി ഒന്നിനാണ് അധികാരമേറ്റെടുക്കുക. ഭരണചക്രം തിരിക്കാൻ ഇനിയും 57 ദിവസങ്ങൾ ബാക്കിയുണ്ടെങ്കിലും സമയമൊട്ടും പാഴാക്കാതെ തൻ്റെ അഡ്മിനിസ്ട്രേറ്റീവ് ടീമിനെ പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുകയാണ് മംദാനി.
എക്സിക്യൂട്ടീവ് ഡയറക്ടറായ എലാന ലിയോപോൾഡ് നയിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ടീമംഗങ്ങൾ എല്ലാവരും സ്ത്രീകളാണെന്ന് സൊഹ്‌റാൻ മംദാനി വെളിപ്പെടുത്തി. ക്വീൻസിൽ നടന്ന പത്രസമ്മേളനത്തിലാണ് ന്യൂയോർക്കിൻ്റെ ചരിത്രത്തിലെ ഏറ്റവും പുതിയ മേയർ താൻ്റെ ഭാവി പദ്ധതികൾ പ്രഖ്യാപിച്ചത്.
മുൻ ഫസ്റ്റ് ഡെപ്യൂട്ടി മേയർ മരിയ ടോറസ് സ്പ്രിംഗർ, മുൻ ഫെഡറൽ ട്രേഡ് കമ്മീഷൻ ചെയർ ലിന ഖാൻ, യുണൈറ്റഡ് വേയുടെ പ്രസിഡൻ്റും സിഇഒയുമായ ഗ്രേസ് ബോണില്ല, ആരോഗ്യ-മനുഷ്യ സേവനങ്ങളുടെ മുൻ ഡെപ്യൂട്ടി മേയർ മെലാനി ഹാർട്ട്സോഗ് എന്നിവരും മംദാനിയുടെ ടീമിൽ ഉൾപ്പെടുന്നുണ്ട്.
വരും മാസങ്ങളിൽ ഞാനും എൻ്റെ സംഘവും തെരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനങ്ങൾ നിറവേറ്റാൻ പ്രാപ്തിയുള്ള ഒരു സിറ്റി ഹാൾ നിർമിക്കും. ഒരുപോലെ കഴിവുള്ളവരും, അനുകമ്പയും സത്യസന്ധതയുമുള്ള, ഈ നഗരത്തെ സ്വന്തം വാസസ്ഥലമായി കണക്കാക്കുന്ന, ദശലക്ഷക്കണക്കിന് ന്യൂയോർക്കുകാരെ പോലെ കഠിനാധ്വാനം ചെയ്യാൻ തയ്യാറുള്ളവരുമായ ഒരു ഭരണകൂടത്തെ ഞങ്ങൾ രൂപീകരിക്കും,” നിയുക്ത മേയർ സൊഹ്റാൻ മംദാനി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ജോ ബൈഡന് കീഴിൽ എഫ്‌ടിസിയിലെ ആക്രമണാത്മകമായ ആൻ്റി ട്രസ്റ്റ് എൻഫോഴ്സ്‌മെൻ്റിലൂടെ രാജ്യമാകെ ശ്രദ്ധ നേടിയ ലിന ഖാൻ്റെ തെരഞ്ഞെടുപ്പിലൂടെ ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും വലിയൊരു സന്ദേശമാണ് മംദാനി നൽകുന്നത്. വനിതാ ടീമിനെ പ്രഖ്യാപിച്ച നടപടി യുഎസിലെ പുരോഗമനവാദികളുടെയും ജനപ്രിയ റിപ്പബ്ലിക്കൻമാരുടെയും വരെ പ്രശംസ പിടിച്ചുപറ്റി.
മുൻ ഗവർണറായിരുന്ന ആൻഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കൻ കർട്ടിസ് സ്ലീവയെയും ചൊവ്വാഴ്ച രാത്രി പരാജയപ്പെടുത്തിയതിന് ശേഷം ഇന്നലെയാണ് മംദാനി ആദ്യമായി മാധ്യമങ്ങളെ കണ്ടത്. തുടർന്നുള്ള തൻ്റെ ആദ്യ ടെലിവിഷൻ അഭിമുഖത്തിൽ ന്യൂയോർക്കിൽ ഭരണം നടത്താനുള്ള തയ്യാറെടുപ്പുകളെ കുറിച്ച് മംദാനി ഊന്നിപ്പറഞ്ഞു. “ജനുവരി ഒന്നു മുതൽ ന്യൂയോർക്കിൻ്റെ ഭരണചുമതല ഞങ്ങളെ ഏൽപ്പിച്ച ഈ വലിയ നഗരത്തോട് കടപ്പെട്ടിരിക്കുന്നു. ഞങ്ങൾക്ക് തയ്യാറെടുപ്പ് ജോലികൾ ആരംഭിക്കാൻ 57 ദിവസങ്ങളുണ്ട്,” മംദാനി പറഞ്ഞു.
2026 ജനുവരി ഒന്നിന് സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി ചുമതലയേൽക്കുന്നതോടെ നിരവധി നേട്ടങ്ങളും അദ്ദേഹത്തെ തേടിയെത്തും. ന്യൂയോർക്ക് മേയറാകുന്ന ആദ്യത്തെ മുസ്ലീം മേയറും, ആദ്യത്തെ ദക്ഷിണേഷ്യൻ പൈതൃകമുള്ള വ്യക്തിയും, ആഫ്രിക്കയിൽ ജനിച്ച ആദ്യ വ്യക്തിയും, ഏറ്റവും പ്രായം കുറഞ്ഞ മേയറുമായി മംദാനി മാറും.



