സുഡാനില്‍ ആഭ്യന്തര യുദ്ധം അതിരൂക്ഷമായി തുടരുന്നുവെന്നതിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളാണ് നോര്‍ത്ത് കോര്‍ഡോഫാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ എല്‍-ഒബെയ്ഡിലുണ്ടായ പാരാമിലിട്ടറി ആക്രമണം. സുഡാനിലെ പ്രധാന പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് (RSF) ആണ് ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ കുറഞ്ഞത് 40 സിവിലിയന്‍സെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് വര്‍ഷത്തോളമായി തുടരുന്ന സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നുവെന്നതിന്റെ മുന്നറിയിപ്പാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൈനിക കേന്ദ്രങ്ങള്‍ക്കപ്പുറം സാധാരണ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലും ആക്രമണം തുടരുകയാണ്. 2023 ഏപ്രില്‍ 15-നാണ് സുഡാനിലെ നിലവിലെ സംഘര്‍ഷം ആരംഭിച്ചത്. രാജ്യത്തിന്റെ നിയന്ത്രണത്തിനായി രണ്ട് പ്രബല സൈനിക വിഭാഗങ്ങള്‍ തമ്മിലുള്ള അധികാര തര്‍ക്കമാണ് ഭീകരമായ യുദ്ധത്തിന് കാരണമായത്. സുഡാന്‍ സൈന്യവും (SAF) പാരാമിലിട്ടറി വിഭാഗമായ RSF-ഉം തമ്മിലാണ് പോരാട്ടം.
മുമ്പ് സഖ്യ കക്ഷികളായിരുന്ന രണ്ട് വിഭാഗങ്ങളും തമ്മിലുണ്ടായ രാഷ്ട്രീയപരമായ നിയന്ത്രണങ്ങള്‍ സംബന്ധിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. 2019-ല്‍ സുഡാനിലെ ദീര്‍ഘകാല പ്രസിഡന്റായിരുന്ന ഒമര്‍ അല്‍-ബഷീറിനെ പുറത്താക്കിയ സൈനിക അട്ടിമറിക്ക് ശേഷം എഎഎഫും ആര്‍എസ്എഫും ഒന്നിച്ച് താത്കാലിക ഭരണകൂടം സ്ഥാപിക്കുകയായിരുന്നു.
പൗരഭരണത്തിനു കീഴിയില്‍ സുഡാനെ കൊണ്ടുവരുന്നതില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ ധാരണയായില്ല. 2021 ല്‍ ഇരു വിഭാഗവും ചേര്‍ന്ന് വീണ്ടും സൈനിക അട്ടിമറി നടത്തുകയും പൗര ഭരണത്തിലേക്കുള്ള മാറ്റം വൈകിക്കുകയും ചെയ്തു. സൈന്യത്തെ ആര് നയിക്കുമെന്നതിനെ ചൊല്ലി സൈനിക തലവന്മാരായ ഹെമെഡ്റ്റിയും അല്‍-ബുര്‍ഹാനും തമ്മില്‍ കടുത്ത വിയോജിപ്പുണ്ടായി.
2023 ഏപ്രില്‍ 15-ന്, ആര്‍എസ്എഫ് സൈനിക താവളങ്ങള്‍ ആക്രമിച്ചതോടെ സംഘര്‍ഷം തുറന്ന യുദ്ധത്തിലേക്ക് നീങ്ങി. ഖാര്‍ത്തൂമിലെ പ്രധാന സൈനിക താവളങ്ങളും വിമാനത്താവളങ്ങളും ആര്‍എസ്എഫ് പിടിച്ചെടുക്കുകയായിരുന്നു ആര്‍എസ്എഫ് ലക്ഷ്യം.
യുദ്ധം സുഡാനിലെ ജനങ്ങള്‍ക്കിടയില്‍ വംശീയമായ അതിക്രമങ്ങള്‍ക്കും കൂട്ട പലായനത്തിനും പട്ടിണിക്കും വഴിവെച്ചു. ഇത് രാജ്യത്തെ പൂര്‍ണ്ണമായ ദുരന്തത്തിലേക്ക് തള്ളിവിട്ടു.
റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് സാധാരണ ജനങ്ങള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങളും രാജ്യത്ത് രൂക്ഷമായ ഭക്ഷ്യക്ഷാമവുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എല്‍-ഒബെയ്ഡില്‍ നടന്ന ആക്രമണം ശവസംസ്‌കാര ചടങ്ങിനു നേരെയാണുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റതായി യുഎന്‍ സ്ഥിരീകരിച്ചു.
നോര്‍ത്ത് കോര്‍ഡോഫാനിലെ ബാര പട്ടണത്തില്‍ ആര്‍എസ്എഫ് നടത്തിയ ആക്രമണത്തില്‍ ഒമ്പത് സ്ത്രീകളടക്കം 47 പേര്‍ കൊല്ലപ്പെട്ടു. മൃതദേഹങ്ങള്‍ മറവുചെയ്യുന്നതില്‍ നിന്ന് ഞടഎ ഇരകളുടെ കുടുംബങ്ങളെ തടഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
എല്‍-ഫാഷിര്‍, കടുഗ്ലി മേഖലകളില്‍ 24 ദശലക്ഷത്തിലധികം ആളുകള്‍ കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പട്ടിണി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കുറഞ്ഞത് 40,000 പേരെങ്കിലും സംഘര്‍ഷം ആരംഭിച്ചതിനു ശേഷം കൊല്ലപ്പെട്ടിട്ടുണ്ട്. 12 ദശലക്ഷം ആളുകള്‍ക്ക് പാലായനം ചെയ്യേണ്ടിവന്നു.



