തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള എന്യൂമറേഷൻ ഫോം വിതരണം രണ്ടു കോടി പിന്നിട്ടതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്ത് നവംബര്‍ നാലുമുതൽ ഡിസംബര്‍ നാല് വരെയാണ് വ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പിലാക്കുന്നത്. കേരളത്തിന് പുറമേ തമിഴ്‌നാട്, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഗോവ സംസ്ഥാനങ്ങളിലും പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലും ഈ കാലയളവിലാണ് എസ്‌ഐആർ നടപ്പാക്കുന്നത്.
2002ലെ തെരഞ്ഞെടുപ്പ് പട്ടിക ആധാരമാക്കിയാണ് വോട്ടർ പട്ടിക പരിഷ്ക്കരണം നടക്കുന്നത്. ഓൺലൈനായി എന്യൂമെറേഷൻ ഫോം സമർപ്പിക്കാനുള്ള സംവിധാനവും നടപ്പാക്കിയിട്ടുണ്ട്. എന്യൂമെറേഷൻ ഫോം വിതരണത്തിന് എല്ലാ മേഖലകളിൽ നിന്നും മികച്ച സഹകരണം ലഭിക്കുന്നുണ്ടെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നേരത്തെ വ്യക്തമാക്കിയത്. 2002ലെ വോട്ടർ പട്ടികയുടെ പകർപ്പ് രാഷ്ട്രീയ പാർട്ടികൾക്ക് നൽക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ദ്യോഗസ്ഥരുടെ ക്ഷാമം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ സംസ്ഥാനത്തിന്റെ വാദങ്ങളെ കേന്ദ്രസര്‍ക്കാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും എതിര്‍ത്തിരുന്നു. ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ചാണ് കേസില്‍ വിധി പറയുക. വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുന്നതാണ് നല്ലതെന്ന് കഴിഞ്ഞദിവസം കോടതി പറഞ്ഞിരുന്നു.



