ലൈംഗിക കുറ്റവാളിയും ഫിനാന്‍സിയറുമായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന ഡെമോക്രാറ്റുകൾക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മുൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റണ് എപ്സ്റ്റീനുമായുള്ള ബന്ധം പരിശോധിക്കാൻ അറ്റോർണി ജനറൽ പാം ബോണ്ടിയോടും എഫ്ബിഐയോടും ആവശ്യപ്പെടുമെന്ന് ട്രംപ് അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.
ക്ലിൻ്റണെ കൂടാതെ, ബാങ്കുകളായ ജെ.പി. മോർഗൻ, ചേസ്, മുൻ ട്രഷറി സെക്രട്ടറി ലാറി സമ്മേഴ്‌സ്, ലിങ്ക്ഡ്ഇൻ സ്ഥാപകൻ റീഡ് ഹോഫ്മാൻ എന്നിവർക്കെതിരെ അന്വേഷണം നടത്താനും നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ടതായി ട്രംപ് പറഞ്ഞു. എപ്സ്റ്റീൻ ഒരു ഡെമോക്രാറ്റായിരുന്നുവെന്നും തൻ്റെ പിന്നാലെ വന്ന് സമയം കളയരുതെന്നും തനിക്ക് ഒരു രാജ്യത്തിൻ്റെ കാര്യം നോക്കാനുണ്ടെന്നും ട്രംപ് പ്രതികരിച്ചു.
എപ്സ്റ്റീനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും നീതിന്യായ വകുപ്പ് പുറത്തുവിടണമോ എന്ന കാര്യത്തിൽ അടുത്തയാഴ്ച പ്രതിനിധി സഭയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ട്രംപിൻ്റെ നീക്കം. അതേസമയം, ഫയലുകളിൽ തൻ്റെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന് ട്രംപ് നിരന്തരം വ്യക്തമാക്കിയിരുന്നു. ജെഫ്രി എപ്‌സ്റ്റീൻ സുഹൃത്തായിരുന്നു എന്നും അയാൾ അറസ്റ്റിലാകുന്നതിന് രണ്ട് വർഷം മുമ്പ് എല്ലാ ബന്ധവും ഉപേക്ഷിച്ചിരുന്നതായും ട്രംപ് അവകാശപ്പെട്ടു.



