വോട്ടർ പട്ടികയിൽ പേരില്ലെങ്കിലും പ്രചാരണം തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി വി. എം. വിനു. കല്ലായി ഡിവിഷനിൽ നിന്നുമാണ് വിനു ജനവിധി തേടുന്നത്. കഴിഞ്ഞ ദിവസം വോട്ടർ പട്ടിക പരിശോധിച്ചപ്പോഴാണ് വിനുവിൻ്റെ പേര് പട്ടികയിൽ ഇല്ലെന്ന യാഥാർഥ്യം മനസിലാക്കുന്നത്.
പട്ടികയിൽ പേര് ഇല്ലെങ്കിലും മത്സരത്തിൽ നിന്നും പിന്മാതെ വിനുവിൻ്റെ നേതൃത്വത്തിൽ പ്രദേശത്ത് പ്രചാരണ പ്രവർത്തനങ്ങൾ തുടരുകയാണ്. തൻ്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലാതിരുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റിയോന്ന് പരിശോധിക്കേണ്ടതില്ലെന്നും, വർഷങ്ങളായി വോട്ട് ചെയ്യുന്നയാളാണ് താനെന്നും വിനു പ്രതികരിച്ചു. ഹൈക്കോടതിയിൽ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ട് ഉണ്ടോയെന്ന് നോക്കാതെ സ്ഥാനാർഥിയാക്കിയെന്നും, കോൺഗ്രസുകാർ വിനുവിനെ അവഹേളിച്ചു എന്നും കോർപ്പറേഷൻ സിപിഐഎം മേയർ സ്ഥാനാർഥി മുസാഫിർ അഹമ്മദ് പ്രതികരിച്ചു.
കലാകാരനായ വിനുവിന് തൻ്റെ വോട്ട് ഉണ്ടോ എന്ന് പരിശോധിക്കേണ്ട ആവശ്യമില്ല. പ്രാദേശിക തലത്തിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകരാണ് വോട്ട് ഉറപ്പുവരുത്തുന്നതെന്നും മുസാഫിർ അഹമ്മദ് വ്യക്തമാക്കി. വിനുവിൻ്റെ വോട്ട് തള്ളാൻ സിപിഐഎം പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



