സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്ക് സ്റ്റേയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസയച്ചു. ഹർജി നവംബർ 26ന് വീണ്ടും പരിഗണിക്കും. കേരളത്തോടൊപ്പം യുപിയിലെയും പുതുച്ചേരിയിലെയും ഹർജികൾ കോടതിയിലെത്തിയിരുന്നു. കേരളത്തിന്റെ ഹർജി മാത്രമായി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. കേരളത്തിന്റെ ഹർജിയിലാണ് സുപ്രീംകോടതി കമ്മീഷന് നോട്ടീസയച്ചത്. ബീഹാറിലെ എസ്‌ഐആറിനെതിരായ ഹര്‍ജികള്‍ ജസ്റ്റിസ് സൂര്യകാന്തിൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സംസ്ഥാന സർക്കാർ, രാഷ്ട്രീയ പാർട്ടികളായ സിപിഐഎം, സിപിഐ, കോൺഗ്രസ്, മുസ്ലീം ലീഗ് തുടങ്ങിയവരാണ് എസ്ഐആർ നടപടികൾ നിർത്തിവെക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നടപടികൾ നിർത്തിവയ്ക്കണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. ചീഫ് സെക്രട്ടറിയാണ് സർക്കാരിനു വേണ്ടി ഹർജി നൽകിയത്. എസ്‌ഐആറും തദ്ദേശ തെരഞ്ഞെടുപ്പും ഒരേ സമയം നടത്തിയാല്‍ ഭരണസംവിധാനം സ്തംഭിക്കുമെന്നും, ഭരണപ്രതിസന്ധി ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.



