ബംഗ്ലാദേശിലുണ്ടായ ഭൂചലനത്തിൽ ആറ് മരണം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ 10.08ഓടെയാണ് ഘോരഷാൽ പ്രദേശത്തിന് സമീപം ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തി. കൊൽക്കത്തയിലും പ്രകമ്പനങ്ങളുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ബംഗ്ലാദേശിലെ നർസിംഗ്ഡിയിൽ നിന്ന് 14 കി.മീ. അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു.
കൊൽക്കത്തയിലെയും സമീപ പ്രദേശങ്ങളിലെയും ആളുകൾ ഭൂകമ്പ സമയത്ത് നേരിയ മുഴക്കം അനുഭവപ്പെട്ടതായും ഫാനുകളും മറ്റും ഇളകുന്നത് ശ്രദ്ധിച്ചതായും അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഭൂചലനമുണ്ടായപ്പോൾ കൊൽക്കത്തയിലെയും സമീപ പ്രദേശങ്ങളിലെയും ആളുകൾ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങൾ ആളുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.



