ലോകത്തിൽ തന്നെ ഏറ്റവുമധികം പിടിക്കപ്പെടുന്ന കടൽ മത്സ്യങ്ങളിൽ ഒന്നാണ് മത്തി. മത്സ്യബന്ധനത്തിലൂടെ ലഭിക്കുന്ന മത്സ്യയിനങ്ങളിൽ മൂന്നിലൊന്നും മത്തിയാണ്. ഇത് ചാള, സാർഡൈൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. സാർഡിനിയ ദ്വീപിനു സമീപത്ത് നിന്നും കണ്ടെത്തിയ മത്സ്യമായതിലാണ് ഇവയ്ക്ക് സാർഡൈൻ എന്ന പേര് വന്നത്. ഹെറിങ് വിഭാഗത്തിലെ ക്ലൂപ്പൈഡേ (Clupeidae) എന്ന കുടുംബത്തിൽപ്പെട്ട മത്സ്യമാണ് ഇവ.
‘സാധാരണക്കാരുടെ മത്സ്യം’ അഥവാ ‘പാവപ്പെട്ടവന്റെ മത്സ്യം’ എന്നാണ് മത്തി അറിയപ്പെടുന്നത്. മുമ്പ് വിലകുറഞ്ഞ മത്സ്യങ്ങളിൽ ഒന്നായിരുന്നു മത്തി. അങ്ങനെയാണ് ഇവയ്ക്ക് ഇത്തരം പേരുകൾ ലഭിച്ചത്. എന്നാൽ ചിലപ്പോൾ വിലകൂടിയ മത്സ്യങ്ങളിൽ ഒന്നായി മത്തി മാറാറുണ്ട്, ഇതിനോടുള്ള മലയാളികളുടെ സ്നേഹത്തിന് മാറ്റം വന്നിട്ടില്ല. ആഫ്രിക്കൻ രാജ്യമായ മൊറോക്കോ തീരത്താണ് ലോകത്തിൽ തന്നെ ഏറ്റവും അധികം മത്തി ലഭിക്കുന്നത്.
ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഒരു മത്സ്യം കൂടിയാണ് മത്തി. ഇത് വറുത്തും, കറിവെച്ചും, പൊള്ളിച്ചും, അച്ചാറുണ്ടാക്കിയും മറ്റും പല വിധത്തിൽ ഉപയോഗിക്കുന്നു. ഇതിനെല്ലാം പുറമെ, മത്തിക്കായി പ്രത്യേകം ഒരു ദിവസം തന്നെയുണ്ട്. നവംബർ 24-നാണ് രാജ്യം മത്തി ദിനം ആഘോഷിക്കുന്നത്. ഇവയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് ഓർമ്മപ്പെടുത്താനുള്ള ഒരു ദിനം കൂടിയാണിത്.
മത്തിയുടെ ചരിത്രം
മത്തിയുടെ ഇംഗ്ലീഷ് പേര് ‘സാർഡീൻ’ എന്നാണ്. ഇറ്റലിക്ക് സമീപമുള്ള ‘സാർഡീന’ എന്ന ദ്വീപിന്റെ പേരിൽ നിന്നാണ് ഈ വാക്ക് ഉത്ഭവിച്ചിരിക്കുന്നത്. ഈ ദ്വീപിന് ചുറ്റുമുള്ള കടലിൽ മത്തിയുടെ ശേഖരം വൻതോതിൽ എല്ലായ്‌പ്പോഴും കണ്ടുവരുന്നതാണ് മത്തിക്ക് ‘സാർഡീൻ’ എന്ന പേര് വന്നത്. ആഗോളതലത്തിൽ ഈ ചെറു മത്സ്യത്തിനുള്ള ജനപ്രീതി ലഭിക്കാൻ ഒരു പരിധിവരെ നെപ്പോളിയൻ ചക്രവർത്തി കാരണമായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ടിന്നിലടച്ച മത്തിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് അദ്ദേഹം വലിയ പങ്കുവഹിച്ചിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. ആദ്യമായി ടിന്നിലടച്ചു സൂക്ഷിക്കപ്പെട്ട മത്സ്യവും മത്തിയാണെന്നും പല റിപ്പോർട്ടുകളും പറുയുന്നു. മത്തിയുടെ മുഖ്യ ഉറവിടങ്ങളാണ് അറ്റ്‌ലാന്റിക് സമുദ്രവും പസഫിക് സമുദ്രവും.
മത്തിയുടെ ഔഷധഗുണം
മത്തിയുടെ ഗുണങ്ങൾ പറയുമ്പോൾ ആദ്യം പറയേണ്ടത് ‘ഒമേഗ3’ ഫാറ്റി ആസിഡിനെപറ്റിയാണ്. ഹൃദ്രോഗികളുടെ ശരാശരി പ്രായം, കുറഞ്ഞുവരുന്ന ഇക്കാലത്ത് ഇത് ഏറെ പ്രസക്തമായ ഒന്നാണ്. മത്തിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഈ ഘടകം ഹൃദ്രോഗത്തെ പ്രതിരോധിക്കാൻ ഏറെ നല്ലതാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്ന നല്ല കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നല്ല രീതിയിൽ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ട്രൈ ഗ്ലിസറൈഡുകളുടെ അളവും രക്തസമ്മർദവും കുറയ്ക്കാനും ഒമേഗ3 ഫാറ്റി ആസിഡ് സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ധമനികളുടെ ഭിത്തിയുടെ കനം കൂടുന്നത് തടയുന്നതിലും ശരിയായ ഹൃദയതാളം നിലനിർത്തുന്നതിലും ഇതിന് വലിയ പങ്കുണ്ട്.
പ്രോട്ടീൻ
ശരീരകോശങ്ങളുടെ വളർച്ചയ്ക്കും തേയ്മാനം പരിഹരിക്കുന്നതിനും അത്യാവശ്യമായ പ്രോട്ടീൻ മത്തിയിൽ ആവശ്യത്തിലേറെ അടങ്ങിയിട്ടുണ്ട്. അതേസമയം, കാർബോഹൈഡ്രേറ്റിന്റെ സാന്നിധ്യം തീർത്തും കുറവായത് ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒന്നണ് മത്തി. ശരാശരി ഉപഭോഗത്തിൽ ഒരുനേരം 37 ഗ്രാം പ്രോട്ടീൻ മത്തിയിൽ നിന്ന് കിട്ടുന്നതായാണ് കണക്ക്.
മീൻകറിയില്ലാതെ ഉച്ചയൂണ് മലയാളികൾക്ക് അല്പം ബുദ്ധിമുട്ടാണ്. അതും മത്തിയാണെങ്കിൽ ബഹുകേമം. ‘മത്തി’യെന്നും ചിലയിടങ്ങളിൽ ‘ചാള’യെന്നും അറിയപ്പെടുന്ന മീൻ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. വറുത്തും തേങ്ങയരച്ച് വെച്ചും മുളകിട്ടും പൊള്ളിച്ചും ഒക്കെ മത്തി കഴിക്കാൻ നമുക്കിഷ്ടമാണ്. എന്നാൽ, മീനുകളിൽ ഔഷധഗുണങ്ങൾ ഏറെയുള്ള ഒന്നായതിനാൽ മത്തിയുടെ പ്രസക്തി വളരെ വലുതാണ്.



