റാഞ്ചി ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ 17 റൺസിന് തോൽപിച്ച് ഇന്ത്യ. 350 റൺസ് പിന്തുടർന്ന പ്രോട്ടീസ് 332 റൺസിൽ ഓൾ ഔട്ടായി. കരിയറിലെ 83ആം സെഞ്ച്വറി നേടിയ വിരാട് കോലിയാണ് കളിയിലെ താരം. ജയത്തോടെ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി. ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ സീനിയർ താരങ്ങളുടെ കരുത്തിൽ റൺമലയാണ് ഇന്ത്യ തീർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം.
സ്കോർ 25ൽ നിൽക്കേ ജയ്സ്വാൾ പുറത്തയെങ്കിലും സീനിയർ താരങ്ങളായ രോഹിത്തും കോലിയും രണ്ടാം വിക്കറ്റിൽ ഒന്നിച്ചത്തോടെ ബാറ്റിങ് വിസ്മയമാണ് ആരാധകർ കണ്ടത്. ഇരുവരും ചേർന്ന് 136 റൺസിന്റെ കൂട്ടുകെട്ടാണ് പടത്തുയർത്തിയത്.അർധ സെഞ്ച്വറി തികച്ചതിന് പിന്നാലെ രോഹിത് റെക്കോർഡോടെ മടങ്ങി. ഷാഹിദ് അഫ്രീദിയെ മറികടന്ന് ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയ താരമായി ഹിറ്റ്മാൻ. പിന്നാലെ കരിയറിലെ 83ാം സെഞ്ച്വറി കോലിയും നേടി.
ഏകദിനത്തിലെ 52ാം സെഞ്ച്വറിയോടെ ഒരു ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമായി കോലി. 135 റൺസിന്റെ മാസ്റ്റർക്ലാസ്സ് ഇന്നിങ്സുമായാണ് കോലി കൂടാരം കയറിയത്. പിന്നാലെ നായകൻ കെ.എൽ. രാഹുലും ജഡേജയും ചേർന്നാണ് സ്കോർ 300 കടത്തിയത്.
350 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പ്രോട്ടീസിന് തുടക്കം പിഴച്ചു. 11 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. പിന്നാലെ വന്ന മധ്യനിരയാണ് ദക്ഷിണാഫ്രിക്കയ്ക്ക് അടിത്തറ പാകിയത്. മാത്യു ബ്രീറ്റ്സ്ക്കെയും മാർക്കോ യാൻസനും കോർബിൻ ബോഷും അർധ സെഞ്ച്വറി ആയി പൊരുതിയെങ്കിലും പ്രോട്ടീസിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ഇന്ത്യക്കായി കുൽദീപ് യാദവ് നാലും ഹർഷിത് റാണ മൂന്നും അർഷ്ദീപ് സിങ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മൂന്ന് മത്സരങ്ങുള്ള പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി. ബുധനാഴ്ച റായ്പൂരിലാണ് രണ്ടാം ഏകദിന മത്സരം.



