ടെസ്റ്റ് പരമ്പര തോറ്റതിന്റെ ക്ഷീണവുമായാണ് ഇന്ത്യ റാഞ്ചിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ഏകദിനത്തിന് ഇറങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഉദ്ദേശ്യം വ്യക്തമായിരുന്നു. രണ്ട് തുടരന്‍ ബൗണ്ടറികളോടെയായിരുന്നു യശ്വസി ജയ്‌സ്വാള്‍ ഇന്നിങ്സിന് തുടക്കമിട്ടത്. മറുപുറത്ത് രോഹിത് ശര്‍മയും രണ്ടും കല്‍പ്പിച്ചായിരുന്നു. വിരാട് കോഹ്‌ലിയും കെ.എല്‍. രാഹുലും രവീന്ദ്ര ജഡേജയും കൂടി ചേര്‍ന്നതോടെ 349 റണ്‍സ് പിറന്നു. ആദ്യം പതറിയെങ്കിലും, മധ്യനിരയില്‍ കളി മെനഞ്ഞ പ്രോട്ടീസ് മത്സരം സ്വന്തമാക്കുമെന്ന് കരുതി. പക്ഷേ 332 റണ്‍സില്‍ ആ പോരാട്ടം അവസാനിച്ചു. ഇന്ത്യക്ക് 17 റണ്‍സിന്റെ ആദ്യ ജയം. അതിനൊപ്പം രണ്ട് റെക്കോഡുകള്‍ കൂടി തിരുത്തപ്പെട്ടു. ഇന്ത്യന്‍ ഇന്നിങ്സിന് കരുത്ത് പകര്‍ന്ന കോഹ്‌ലിയും രോഹിതുമായിരുന്നു ആ റെക്കോഡ് നേട്ടക്കാര്‍.
ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ ഏകദിനത്തിലെ 52മത് സെഞ്ച്വറിയാണ് കോഹ്‍ലി സ്വന്തമാക്കിയത്. 51 സെഞ്ച്വറി നേടിയ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡാണ് കോഹ്‍ലി മറികടന്നത്. മാത്രമല്ല, ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലുമായി അമ്പതോ അതിലധികമോ റണ്‍സ് നാട്ടില്‍ നേടുന്നതിലും കോഹ്‍ലി സെഞ്ച്വറി തികച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ താരമാണ് കോഹ്‍ലി. സച്ചിന്‍, റിക്കി പോണ്ടിങ്, ജാക്വസ് കാല്ലിസ് എന്നിവരാണ് കോഹ്‍ലിയുടെ മുന്‍ഗാമികള്‍. റാഞ്ചിയില്‍ 120 പന്ത് നേരിട്ട കോഹ്‍ലി 11 ബൗണ്ടറിയും ഏഴ് സിക്സും ഉള്‍പ്പെടെ 135 റണ്‍സാണ് നേടിയത്.
സിക്സ് എണ്ണത്തിലാണ് രോഹിതിന് പുതിയ റെക്കോഡ്. റാഞ്ചിയില്‍ 51 പന്തില്‍ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും ഉള്‍പ്പെടെ 57 റണ്‍സാണ് രോഹിത് നേടിയത്. ഇതോടെ 269 ഏകദിനങ്ങളിലായി 352 സിക്സാണ് രോഹിതിന് സ്വന്തം. 369 ഏകദിനങ്ങളില്‍നിന്ന് 351 സിക്സ് സ്വന്തമാക്കിയ പാക് താരം ഷഹീദ് അഫ്രീദിയുടെ റെക്കോഡാണ് രോഹിത് തിരുത്തിയത്.
റാഞ്ചിയില്‍ മികച്ച മത്സരത്തിനൊടുവിലാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റുകൊണ്ടും പിന്നീട് പന്തുകൊണ്ടും പോരാടിയാണ് ഇന്ത്യ ജയം നേടിയെടുത്തത്. 350 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം പിഴച്ചു. 1.1 ഓവറില്‍ ടീം സ്കോര്‍ ആറില്‍ നില്‍ക്കെ റിയാന്‍ റിക്കെല്‍ട്ടന്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. പിന്നാലെയെത്തിയ ക്വിന്റന്‍ ഡി കോക്കിനും സ്കോര്‍ ബോര്‍ഡ് തുറക്കാനായില്ല. ഏഴ് റണ്‍സെടുത്ത് ഐഡന്‍ മര്‍ക്രാമും പുറത്താകുമ്പോള്‍ മൂന്ന് വിക്കറ്റിന് 11 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. അവിടെ നിന്നായിരുന്നു പ്രോട്ടീസിന്റെ ചെറുത്തുനില്‍പ്പിന്റെ തുടക്കം.
മാത്യു ബ്രീറ്റ്‌സ്കി (72), ടോണി ഡി സോര്‍സി (39), ഡെവാള്‍ഡ് ബ്രൂവിസ് (37), മാര്‍ക്കോ ജെന്‍സെന്‍ (70), കോര്‍ബിന്‍ ബോഷ് (67) എന്നിവര്‍ മത്സരം വീറുറ്റതാക്കിയെങ്കിലും ജയതീരം തൊടാനായില്ല. ഇന്ത്യക്കായി കുൽദീപ് യാദവ് നാലും ഹർഷിത് റാണ മൂന്നും അർഷ്‌ദീപ് സിങ് രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി.



