‘ധുരന്ധർ’ സിനിമയുടെ രാഷ്ട്രീയത്തോടെ വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കിയതിന് പിന്നാലെ സിനിമയെ പ്രശംസിച്ച് ബോളിവുഡ് താരം ഹൃത്വിക് റോഷൻ. സിനിമയുടെ രണ്ടാം ഭാഗത്തിനായി താൻ കാത്തിരിക്കുകയാണെന്ന് നടൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ആദിത്യ ധർ സംവിധാനം ചെയ്ത സിനിമയുടെ കഥപറച്ചിച്ചിൽ രീതി ഇഷ്ടപ്പെട്ടെങ്കിലും രാഷ്ട്രീയവുമായി ഒത്തുപോകാനാകില്ലെന്നാണ് ഹൃത്വിക് ഡിസംബർ 10ന് അഭിപ്രായപ്പെട്ടത്. എന്നാൽ ഇന്നത്തെ പോസ്റ്റിൽ നടൻ സിനിമയേയും അണിയറപ്രവർത്തകരേയും പ്രകീർത്തിച്ചു.
‘ധുരന്ധർ’ മനസിൽ നിന്ന് പോകുന്നില്ല എന്ന് കുറിച്ച ഹൃത്വിക് റോഷൻ ആദിത്യ ധറിന്റെ മേക്കിങ്ങിനെ പ്രശംസിച്ചു. സംവിധായകനെ മാത്രമല്ല, നായകൻ രൺവീർ സിംഗ്, അക്ഷയ് ഖന്ന, ആർ. മാധവൻ എന്നിവരുടെ പ്രകടനങ്ങളെപ്പറ്റിയും നടൻ കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചു. സിനിമയുടെ മേക്കപ്പ്, പ്രോസ്തെറ്റിക്സ് വിഭാഗം വലിയ കയ്യടി അർഹിക്കുന്നുവെന്നും ഹൃത്വിക് അഭിപ്രായപ്പെട്ടു.
‘ധുരന്ധറി’ലെ അക്ഷയ് ഖന്നയുടെ വില്ലൻ കഥാപാത്രത്തിന്റെ നൃത്ത ചുവടുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ FA9LA എന്ന ട്രാക്കിന് നടൻ ഡാൻസ് ചെയ്യുന്നതാണ് ശ്രദ്ധിക്കപ്പെട്ടത്.
ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ രൺവീർ സിംഗ്, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ബാലതാരമായി സിനിമാ മേഖലയിലേക്ക് എത്തിയ സാറ അർജുൻ ആണ് നായിക. ഡിസംബർ അഞ്ചിനാണ് സിനിമ തിയേറ്ററുകളിൽ എത്തിയത്.
ഛായാഗ്രഹണം – വികാഷ് നൗലാഖ , എഡിറ്റർ -ശിവകുമാർ വി പണിക്കർ, സംഗീതം – ശാശ്വത് സച്‌ദേവ്, പ്രൊഡക്ഷൻ ഡിസൈനർ – സെയ്നി എസ് ജോഹറായ്, വസ്ത്രാലങ്കാരം – സ്‌മൃതി ചൗഹാൻ, ആക്ഷൻ – എജെസ് ഗുലാബ്, സീ യങ് ഓ, യാനിക്ക് ബെൻ, റംസാൻ ബുലുത്, നൃത്തസംവിധാനം – വിജയ് ഗാംഗുലി, പിആർഒ – ശബരി.



