ടി20 ക്രിക്കറ്റിൽ ഫോമിൽ അല്ലാത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവിനേയും വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനേയും പിന്തുണച്ച് ഇന്ത്യയുടെ യങ് സെൻസേഷനും ഓപ്പണറുമായ അഭിഷേക് ശർമ. നിലവിൽ ടി20 ഫോർമാറ്റിൽ ലോകത്തെ നമ്പർ വൺ ബാറ്ററാണ് അഭിഷേക്. വരുന്ന ടി20 ലോകകപ്പിൽ ഗില്ലും സൂര്യയും ഇന്ത്യയുടെ വിജയശിൽപ്പികളായി മാറുമെന്ന് അഭിഷേക് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. 2026 ഫെബ്രുവരി ഏഴിനാണ് ടി20 ക്രിക്കറ്റ് ലോകകപ്പിന് തുടക്കമാകുന്നത്.
ബാറ്റിങ് ദുഷ്ക്കരമായ ധരംശാലയിലെ മൂന്നാം ടി20യിൽ ശുഭ്മാൻ ഗിൽ 28 പന്തിൽ നിന്ന് 28 റൺസുമായി ഇന്ത്യയെ ഏഴ് വിക്കറ്റ് ജയത്തിലേക്ക് നയിച്ചിരുന്നു. അതേസമയം ടി20യിൽ ഗില്ലിൻ്റെ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിനെ ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായി വിമർശിച്ചിരുന്നു.
ഈ ഘട്ടത്തിലാണ് ഗില്ലിനെയും പരാജയമായി തുടരുന്ന സൂര്യകുമാർ യാദവിനെയും പിന്തുണച്ച് അഭിഷേക് രംഗത്തെത്തിയത്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിന് മുന്നോടിയായി ഇരുവരും ഫോമിൽ തിരിച്ചെത്തുമെന്നും റൺസ് കണ്ടെത്തുമെന്നും അഭിഷേക് വിശ്വാസം പ്രകടിപ്പിച്ചു.
“എന്നെ വിശ്വസിക്കൂ, ഞാൻ ഒരു കാര്യം പ്രവചിക്കാൻ പോവുകയാണ്. ഗില്ലും സൂര്യയും ടി20 ലോകകപ്പിലും അതിന് മുമ്പത്തെ പരമ്പരകളിലും ടീം ഇന്ത്യയെ മത്സരങ്ങൾ ജയിക്കാൻ പോകുകയാണ്. ഞാൻ വളരെക്കാലമായി അവരോടൊപ്പം കളിക്കുന്നുണ്ട്, പ്രത്യേകിച്ച് ശുഭ്മാനോടൊപ്പം,” ഇന്ത്യൻ ഓപ്പണർ പറഞ്ഞു.
“ടീമിൻ്റെ സാഹചര്യങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കിയും എതിരാളികൾ ആരാണെന്നുമൊക്കെ പരിഗണിച്ചുമൊക്കെ മത്സരം വിജയിപ്പിക്കാൻ ശുഭ്മാൻ ഗില്ലിന് കഴിയും. തുടക്കം മുതൽ എനിക്ക് അദ്ദേഹത്തിൽ വളരെയധികം വിശ്വാസമുണ്ട്. എല്ലാവരും വളരെ വേഗം അത് കാണും. അതോടെ എല്ലാവർക്കും വിശ്വാസം ഉണ്ടാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു,” ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തിയ ശേഷം അഭിഷേക് പറഞ്ഞു.



