വിഖ്യാത ഹോളിവുഡ് ചലച്ചിത്രകാരൻ റോബ് റെയ്നറിന്റെയും ഭാര്യയുടേയും മരണത്തിൽ മകൻ നിക്ക് റെയ്നർ അറസ്റ്റിൽ. നിക്ക് ലഹരിക്ക് അടിമയാണെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് റെയ്നറിനേയും ഭാര്യ മിഷേലിനേയും കുത്തേറ്റ് മരിച്ച നിലയിൽ ലോസ് ഏഞ്ചൽസിലെ വീട്ടിൽ കണ്ടെത്തിയത്.
റോബ്-മിഷേൽ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് നിക്ക് റെയ്‌നർ. ജേക്ക്(34), റോമി (28) എന്നിവരാണ് മറ്റ് മക്കൾ. സംശയത്തിന്റെ പുറത്താണ് 32 വയസുകാരനായ നിക്ക് റെയ്‌നറെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് പിന്നിൽ നിക്ക് ആണെന്ന് പ്രദേശവാസികൾ ആരോപിച്ചിരുന്നു. തിരക്കഥാകൃത്തായ നിക്ക് റെയ്‌നർ, താൻ മയക്കുമരുന്നിന് അടിമയാണെന്നും ഭവനരഹിതനാണെന്നും പരസ്യമാക്കിയിട്ടുണ്ട്. കേസ് നാളെ എൽ.എ ഡിസ്ട്രിക്ട് അറ്റോർണി പരിഗണിക്കും.
മകൾ റോമിയാണ് റോബ് റെയ്‌നറിനേയും മിഷേലിനേയും ലോസ് ഏഞ്ചൽസിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോസ് ഏഞ്ചൽസ് പൊലീസ് ഡിപ്പാർട്ട്മെന്റിലെ റോബറി-ഹോമിസൈഡ് വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം, റോബ് റെയ്നറിനേയും ഭാര്യയെയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹീനമായി അധിക്ഷേപിച്ചു. ട്രംപ് ഭരണകൂടത്തിന്റെ മഹത്വം അംഗീകരിക്കാനാകാത്ത മാനസിക രോഗിയായിരുന്നു ഇവർ എന്നാണ് ആക്ഷേപം. ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിനെതിരെ വ്യാപകമായി വിമർശനം ഉയരുന്നുണ്ട്. ‘അമേരിക്കക്കാരനായതിൽ ലജ്ജ തോന്നുന്നു’ എന്നായിരുന്നു ഹോളിവുഡ് നടൻ മോർഗൻ ജെ ഫ്രീമാന്റെ പ്രതികരണം.
ഹോളിവുഡിലെ ഇതിഹാസ സംവിധായകരിൽ ഒരാളാണ് റോബ് റെയ്‌നർ. സ്റ്റാൻഡ് ബൈ മി (1986), ദി പ്രിൻസസ് ബ്രൈഡ് (1987), വെൻ ഹാരി മെറ്റ് സാലി (1989), മിസറി (1990), എ ഫ്യൂ ഗുഡ് മെൻ (1992) എന്നിങ്ങനെയുള്ള ക്ലാസിക് ഹോളിവുഡ് ചിത്രങ്ങൾ സംവിധാനം ചെയ്തത് റോബ് റെയ്നർ ആണ്. ‘എ ഫ്യൂ ഗുഡ് മെൻ’ എന്ന ചിത്രം മികച്ച ചിത്രത്തിനുള്ള ഓസ്കാറിന് അർഹമായി. വിവാഹ സമത്വത്തിനും എൽജിബിടിക്യൂ+ അവകാശങ്ങൾക്കുമായി പോരാടിയിരുന്നവരാണ് റോബും മിഷേലും.



