കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയിലെ സിനിമാ വിലക്കില്‍ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി. ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ പട്ടിക കേന്ദ്രത്തിന് അയക്കുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്ന് റസൂല്‍ പൂക്കുട്ടി. കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം ധീരമെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ വിലക്കുന്നത് അംഗീകരിക്കാനാകില്ലെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.
ഒന്‍പത് സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി തരില്ലെന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് അദ്ദേഹം പറഞ്ഞു. ചലച്ചിത്രമേള എന്നത് ഒരു അക്കാദമിക് ആക്റ്റിവിറ്റിയാണ്. അവിടെ ക്യുറേറ്റ് ചെയ്യപ്പെടുന്ന സിനിമകളെല്ലാം കാണിക്കണം. അതിനുള്ള അവസരം ഉണ്ടാകണം. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരെടുത്ത നിലപാട് ധീരമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ വിലക്കുന്നത് അംഗീകരിക്കാനാകില്ല – അദ്ദേഹം പറഞ്ഞു.
ലണ്ടനില്‍ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിലായതിനാലാണ് തനിക്ക് ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. ഇക്കാര്യം നേരത്തെ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം കൃത്യമായി ചെയ്തിട്ടുണ്ടെന്നും റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി.
ലണ്ടനില്‍ സിനിമ ചിത്രീകരണവുമായി തിരക്കിലായതിനാലാണ് എത്താനാകാത്തത്. ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ ഉത്തരവാദിത്തം കൃത്യമായി ചെയ്തിട്ടുണ്ട്. ഒരോ മിനിറ്റിലും അപ്‌ഡേഷന്‍ എടുക്കുന്നുണ്ട് – അദ്ദേഹം പറഞ്ഞു.
അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ പ്രദര്‍ശന വിലക്ക് തള്ളി കേരള രാജ്യാന്തര ചലച്ചിത്ര മേളയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാത്ത സിനിമകകള്‍ പ്രദര്‍ശിപ്പിക്കാന്‍ സാംസ്‌കാരിക വകുപ്പ് ഉത്തരവിറക്കി. കേന്ദ്ര വിലക്കിനെ തുടര്‍ന്ന് രണ്ട് ദിവസങ്ങളിലായി പതിനാല് പ്രദര്‍ശനങ്ങള്‍ മാറ്റിവെച്ചിരുന്നു.



