സന്നിധാനത്ത് ഭക്തജന തിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. അവധി ദിവസത്തിന് പിന്നാലെയും തീർഥാടകരുടെ എണ്ണത്തിൽ വർധനവ്. ഉച്ചയ്ക്ക് നട അടയ്ക്കുമ്പോൾ അൻപതിനായിരത്തിലധികം ഭക്തർ സന്നിധാനത്ത് തൊഴുതു മടങ്ങി. നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും കാനന പാത വഴിയെത്തുന്ന ഭക്തരുടെ എണ്ണവും വർധിക്കുകയാണ്. നട തുറന്ന ആദ്യ മണിക്കൂറുകളിൽ തന്നെ ശബരിമലയിൽ ഭക്തജന തിരക്ക് പ്രകടമായിരുന്നു.
പുലർച്ചെ നെയ്യഭിഷേകം പൂർത്തിയാകുമ്പോൾ മുപ്പതിനായിരം പേരാണ് സന്നിധാനത്ത് എത്തിയത്. നടപ്പന്തൽ മുതൽ ഫ്ലൈ ഓവർ വരെ തീർഥാടകരുടെ നിര നീണ്ടു. ഓരോ മണിക്കൂറിലും സ്പോട്ട് ബുക്കിംഗ് കൂടി വരികയാണ്. സ്പോട്ട് ബുക്കിങ്ങിനായി കൂടുതൽ കൗണ്ടറുകളാണ് നിലമേലിൽ പ്രവർത്തിക്കുന്നത്. ശരാശരി നാലായിരത്തിലധികം പേരാണ് സ്പോട്ട് ബുക്കിംഗ് സംവിധാനം പ്രയോജനപ്പെടുത്തന്നത്.
നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും കാനന പാത വഴി ഭക്തർ സന്നിധാനത്തേക്കത്തുന്നത് തുടരുകയാണ്. ഈ മാസം 18 വരെ 87,128 പേരാണ് കാനന പാത വഴി എത്തിയത്. മണ്ഡല പൂജയ്ക്കുള്ള തങ്ക അങ്കി ഘോഷയാത്ര നാളെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നുമാരംഭിക്കും. ഡിസംബർ 26ന് ഘോഷയാത്ര സന്നിധാനത്ത് എത്തും. 27ന് രാവിലെ 10.10 നും 11.30 നും ഇടയിൽ പൂജാ ചടങ്ങുകൾ നടക്കും.



