തിരുവനന്തപുരത്ത് നടന്ന കേരള സ്റ്റേറ്റ് പാര അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഡിഫറന്റ് ആർട് സെന്ററിന് മിന്നും വിജയം. 15 സ്വർണവും 2 വെള്ളിയും 3 വെങ്കലവും നേടിയാണ് ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കാർ ചരിത്ര വിജയം സ്വന്തമാക്കിയത്. സെന്ററിൽ നിന്നും വിവിധ ഇനങ്ങളിലായി 48 പേരാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. സീനിയർ വിഭാഗം 400 മീറ്റർ ഓട്ടത്തിൽ ആകാശ് ജെ.പി, 100, 200 മീറ്റർ ഓട്ടത്തിൽ അഖിൽ എസ്. ആർ, അച്ചു.വി, 100, 200, 400 മീറ്റർ ഓട്ടത്തിൽ പാർവതി എൽ.എസ്, ജാവലിംഗ് ത്രോയിൽ നാസിമുദ്ദീൻ,
ജൂനിയർ വിഭാഗം 100,200 മീറ്റർ ഓട്ടത്തിൽ ഹരി ഗോവിന്ദ്, 1500 മീറ്റർ ഓട്ടത്തിൽ ബ്ലെസ്സി ബേസിൽ, ഷോട്ട്പുട്ടിൽ ജെഫിൻ പി. ജയിംസ്, ജാവലിംഗ് ത്രോയിൽ അലൻ.എസ് എന്നിവരാണ് സ്വർണ്ണം നേടിയത്. ജൂനിയർ വിഭാഗം ജാവലിംഗ് ത്രോയിൽ ജെഫിൻ പി.ജയിംസ്, മുഹമ്മദ് ആസിഫ് എന്നിവർ വെള്ളിയും ജൂനിയർ ഭാഗം 400 മീറ്റർ ഓട്ടത്തിൽ ജെഫിൻ പി.ജയിംസ്, സീനിയർ വിഭാഗം 1500 മീറ്റർ ഓട്ടത്തിൽ ജോമോൻ ജോസഫ്, രൂപകൃഷ്ണ എന്നിവർ വെങ്കലവും സ്വന്തമാക്കി.
ഓവർ ഓൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ തിരുവനന്തപുരത്തിന് വേണ്ടി ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കിയത് ഡിഫറന്റ് ആർട് സെന്റർ ആണ്. സെന്ററിലെ പരിശീലകൻ ഷഹൽ, സഹ പരിശീലകൻ ആദിത്യൻ എന്നിവരാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.
ഭിന്നശേഷിക്കാരുടെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട് സെന്റർ കായിക പരിശീലനത്തിന് ഏറെ മുൻതൂക്കം നൽകുന്നുണ്ട്. അത്ലറ്റിക്സിന് പുറമേ ഫുട്ബോൾ, ടേബിൾ ടെന്നീസ്, തായ്കൊണ്ടോ, ചെസ്സ് തുടങ്ങിയവയ്ക്കും വിദഗ്ധ പരിശീലനം നൽകി വരികയാണ്. പാരാലിംപിക്സിൽ കുട്ടികളെ പങ്കെടുപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ഡിഫറന്റ് ആർട് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് പറഞ്ഞു.



