യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യ വിജയിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. പുതുവത്സരാഘോഷത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പുടിൻ. കംചത്ക ഉപദ്വീപിലാണ് പുടിന്റെ പരമ്പരാഗത പ്രസംഗം ആദ്യമായി സംപ്രേഷണം ചെയ്തത്.
സൈന്യത്തെ പിന്തുണയ്ക്കാൻ പൗരന്മാരോട് പുടിൻ ആഹ്വാനം ചെയ്തു. രാജ്യം സൈന്യത്തെ വിശ്വസിക്കുന്നുവെന്നും യുക്രെയ്നെതിരെ നാല് വർഷമായി തുടരുന്ന യുദ്ധത്തിൽ റഷ്യ ജയിക്കുമെന്നും അദേഹം പറഞ്ഞു. യുക്രെയ്നിൽ ആക്രമണം നടത്തുന്ന സൈനികർക്ക് പുടിൻ പുതുവത്സരാശംസകൾ നേർന്നു. അതേസമയം, ഡിസംബർ 31 പുടിൻ അധികാരത്തിലെത്തിയതിന്റെ 26-ാം വാർഷികം കൂടിയാണ്. ബോറിസ് യെൽറ്റ്‌സിൻ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന്, 1999 ലെ പുതുവത്സരാഘോഷത്തിലാണ് പുടിൻ വ്‌ളാഡിമിർ റഷ്യൻ പ്രസിഡന്റായത്.റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ വസതി ലക്ഷ്യമിട്ട് യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. 91 ദീർഘദൂര ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ആളപയാമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും സെർജി ലാവ്‌റോവ് പറഞ്ഞിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണിന്റെ വീഡിയോ പ്രതിരോധ മന്ത്രാലയം പുറത്തുവിടുകയും ചെയ്തു.


