സൗത്തേൺ മെക്സിക്കോയിലുണ്ടായ വൻ ഭൂചലനത്തിൽ രണ്ടു പേർ മരിച്ചു. ഭൂകമ്പ മാപിനിയിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണുണ്ടായത്. സാർ മാർക്കോസ് പട്ടണത്തോട് ചേർന്ന പസഫിക് തീരദേശ റിസോർട്ടായ അകാപുൾക്കോയ്ക്ക് സമീപമായിരുന്നു ഇതിൻ്റെ പ്രഭവ കേന്ദ്രം. 500 ഓളം തുടർ ഭൂചലനങ്ങളും ഇതിന് ശേഷം ഉണ്ടായി.
ഭൂചലനത്തിൽ റോഡുകൾ, പൊതു കെട്ടിടങ്ങൾ, ആശുപത്രികൾ എന്നിവയ്ക്ക് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. മെക്സിക്കോ സിറ്റി, അകാപുൽകോ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
പ്രഭവകേന്ദത്തിനടുത്ത താമസക്കാരിയായ 50 വയസുകാരിയാണ് ഭൂചലനത്തിൽ മരിച്ചവരിലൊരാൾ. കെട്ടിടം ഒഴിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണാണ് മറ്റൊരാൾ മരിച്ചത്. ഗ്വെറേറോയുടെ തലസ്ഥാനമായ ചിൽപാൻസിംഗോയിലെ ആശുപത്രിക്ക് കേടുപാടുകൾ സംഭവിച്ചതായും രോഗികളെ ഒഴിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി.
ഭൂചലനമുണ്ടായ ഉടൻ മെക്സിക്കോയിലേയും അകാപുൾക്കോയിലേയും താമസക്കാരും വിനോദ സഞ്ചാരികളും തെരുവുകളിലേക്ക് ഓടിയിറങ്ങിയിരുന്നു. മെക്സിക്കൻ പ്രസിഡൻ്റായ ക്ലോഡിയ ഷെയിൻ ബോമിൻ്റെ പ്രഭാത വാർത്താ സമ്മേളനം നടക്കുന്നതിനിടെയായിരുന്നു ഭൂചലമുണ്ടായത്. ശാന്തമായി സന്ദർഭത്തെ നേരിട്ട പ്രസിഡൻ്റ് സ്ഥിതി നിയന്ത്രണ വിധേയമായതോടെ വീണ്ടും പത്ര സമ്മേളനം പുനരാരംഭിച്ചു.



