മഞ്ഞിൽ പുതച്ച് നിൽക്കുകയാണ് യൂറോപ്പിന്റെയും ഏഷ്യയുടെയും സംഗമസ്ഥാനമായ തുർക്കി. ഇരു ഭൂഖണ്ഡങ്ങൾക്കും മധ്യേ സ്ഥിതി ചെയ്യുന്ന തുർക്കിയിലെ മഞ്ഞുകാലത്തെ 32 മണിക്കൂർ തീവണ്ടിയാത്രയും മനോഹര അനുഭവമാണ്. അതേസമയം റോഡുകളും വീടുകളും മഞ്ഞിൽ പൊതിയുന്നതോടെ രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാകുന്നുമുണ്ട്.
ലോകം പുതുവർഷത്തെ വരവേറ്റതിനൊപ്പം തുർക്കിയിലെ ജനം മഞ്ഞുകാലവും ആഘോഷിക്കുകയാണ്. ഗ്രാമ,നഗര വ്യത്യാസമില്ലാതെ രാജ്യം പൂർണമായും മഞ്ഞ് പുതച്ചുകഴിഞ്ഞു. കെട്ടിടങ്ങളും പർവതങ്ങളും മരങ്ങളും മഞ്ഞിൽ കുളിച്ച് നിൽക്കുന്ന കാഴ്ച ആരെയും കൊതിപ്പിക്കും.
മഞ്ഞ് പൊതിഞ്ഞ് നിൽക്കുന്ന പ്രകൃതിയെ ആസ്വദിച്ച് 32 മണിക്കൂർ നീണ്ടുനിൽക്കുന്ന, തീവണ്ടിയാത്രയും തുർക്കിയിലെ മഞ്ഞുകാലത്തിന്റെ പ്രത്യേകതയാണ്. തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ നിന്ന് കാർസിലേക്കാണ് മലമടക്കുകളിലൂടെയുള്ള ഈ സാഹസികയാത്ര.
വിദേശികൾക്ക് കണ്ണിന് കുളിർമ നൽകുന്ന കാഴ്ചയാണെങ്കിലും തുർക്കിയിലെ ജനജീവിതത്തെ മഞ്ഞുകാലം വളരെ മോശമായി ബാധിക്കുന്നുണ്ട്. റോഡ് ഗതാഗതത്തെയാണ് പ്രധാനമായും മഞ്ഞ് വീഴ്ച മോശമായി ബാധിച്ചത്. റോഡിലെ മഞ്ഞ് നീക്കം ചെയ്യാനായുള്ള സംവിധാനങ്ങൾ എത്തിയില്ലെങ്കിൽ ജനം വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാകും.



