മലയാള സിനിമയെ സംബന്ധിച്ച് ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച വർഷമാണ് 2025. മുതിർന്ന താരങ്ങളും യുവതാരങ്ങളും പരീക്ഷണങ്ങൾക്ക് മുതിർന്ന വർഷം. ഇതിൽ ഏവരുടേയും പ്രിയപ്പെട്ടതായി മാറിയ ചിത്രങ്ങളാണ് ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ‘പൊന്മാനും’ ദിൻജിത്ത് അയ്യത്താന്റെ ‘എക്കോ’യും. ഈ സിനിമകൾക്ക് മലയാളത്തിന് പുറത്തും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ സിനിമ കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്. രണ്ട് ചിത്രവും തന്നെ അതിശയിപ്പിച്ചുവെന്നാണ് ഡികെ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
“ഈ ആഴ്ച ഞാൻ കണ്ട രണ്ട് മികച്ച സിനിമകൾ. പൊൻമാൻ, എക്കോ. പൊൻമാനിലെ ബേസിൽ ജോസഫിന്റെ അഭിനയം അവിശ്വസനീയമാണ്. അദ്ദേഹത്തിലൂടെ നമ്മൾ ആ സിനിമയിൽ ജീവിക്കുകയാണെന്ന് തോന്നും; സഹതാരങ്ങളും പതിവുപോലെ മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു. എക്കോയുടെ സിനിമാറ്റോഗ്രഫിയും ലൊക്കേഷനുകളും എന്നെ അത്ഭുതപ്പെടുത്തി. ദിൻജിത്ത് മനോഹരമായി കോർത്തിണക്കിയ ആ വേറിട്ട കഥ ശരിക്കും അതിശയിപ്പിക്കുന്നതാണ്. മലയാള സിനിമ മറ്റൊരു തലത്തിലാണ്. എല്ലാവർക്കും കൂടുതൽ കരുത്തുണ്ടാകട്ടെ. ഇതുപോലെയുള്ള സിനിമകൾ ഇനിയും നിർമിക്കൂ. ലോകമെമ്പാടുമുള്ള സിനിമാപ്രേമികളിൽ പുഞ്ചിരി പടർത്തുന്നത് തുടരൂ,” എന്നാണ് ദിനേശ് കാർത്തിക് എക്സിൽ കുറിച്ചത്.
‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന ജി.ആർ. ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം, ‘പൊൻമാൻ’ പ്രേക്ഷകരുടേയും നിരൂപകരുടേയും കയ്യടി നേടിയ ചിത്രമാണ്. ബേസിൽ ജോസഫ് നായകനായ സിനിമയിൽ കൊല്ലമാണ് കഥാപരിസരം. ബേസിൽ എന്ന നടന്റെ റേഞ്ച് എന്താണെന്ന് നമുക്ക് കാട്ടിത്തന്ന കഥാപാത്രമായിരുന്നു പി.പി. അജേഷ്.



